ഹജ്ജ് : കൊച്ചിയിൽനിന്ന് ആദ്യവിമാനം പുറപ്പെട്ടു

നെടുമ്പാശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിനായി കൊച്ചിയിൽനിന്നുള്ള ആദ്യസംഘം തിരിച്ചു. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളാണ് സർവീസ് നടത്തിയത്. ആദ്യവിമാനം കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്‌തു. വൈകിട്ട് 5.55ന് പുറപ്പെട്ട വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളുമാണ് യാത്രയായത്. രണ്ടാമത്തെ വിമാനം രാത്രി 8.20ന് പുറപ്പെട്ടു. 146 പുരുഷന്മാരും 140 സ്ത്രീകളുമാണ് യാത്രയായത്.
നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പിലെത്തിയ തീർഥാടകസംഘത്തിന് ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. പാസ്പോർട്ട്, ബോർഡിങ് പാസ് ഉൾപ്പെടെയുള്ള രേഖകൾ ഹജ്ജ് സെൽ ഓഫീസർമാർ മുഖേന തീർഥാടകർക്ക് കൈമാറി. ഔദ്യോഗിക നിർദേശങ്ങൾ ഹജ്ജ് സെൽ ഓഫീസർ വൈ ഷമീർഖാൻ നൽകി.
ഫ്ലാഗ് ഓഫ് ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മെമ്പർമാരായ അഡ്വ. പി മൊയ്തീൻകുട്ടി, എം എസ് അനസ്, നൂർ മുഹമ്മദ് നൂർഷ, കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ ഷാനവാസ്, അസി. സെക്രട്ടറി ജാഫർ കെ കക്കൂത്ത്, ഹജ്ജ് സെൽ ഓഫീസർ വൈ ഷമീർഖാൻ, പി കെ ഷഫീഖ്, ക്യാമ്പ് അസിസ്റ്റന്റ് ടി കെ സലിം, സിയാൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചിയിൽനിന്ന് ശനി രാത്രി 8.40ന് പുറപ്പെടുന്ന വിമാനത്തിൽ വനിതാ തീർഥാടകരാണുണ്ടാവുക.









0 comments