ജിഎസ്ടി പരിഷ്‌കരണം ; വിശപ്പിന് നികുതി കുറയുന്നില്ല

സന്തോഷ് ബാബു
Published on Sep 23, 2025, 02:56 AM | 1 min read
കൊച്ചി
പുതുക്കിയ ജിഎസ്‌ടി പ്രാബല്യത്തില്‍വന്നെങ്കിലും ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലകുറഞ്ഞില്ല. വലിയ മാളുകളിലും പഴയ സ്‌റ്റോക്കുണ്ടെന്ന കാരണംകാട്ടി പാക്കറ്റ് ഫുഡും മറ്റ് സാധനങ്ങളും വിലകുറച്ചുകിട്ടിയില്ലെന്നും പരാതിയുണ്ട്. ഇതോടെ പുതിയ പരിഷ്‌കരണത്തോടെ ഭക്ഷണത്തിന് വിലകുറയുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മറ്റൊരു വീൺവാക്കായി.
പരിഷ്‌കരണത്തിലൂടെ ഉണ്ടാകുന്ന നികുതിനേട്ടം കൈമാറാന്‍ എല്ലാ വിഭാഗം വ്യാപാരികളും തയ്യാറാകുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. ഭക്ഷണശാലകളിൽ ജിഎസ്ടി പരിഷ്‌കരണം എത്തിയില്ലെന്ന് ഉപഭോക്താക്കളും വില കുറയ്‌ക്കാവുന്ന സാഹചര്യമില്ലെന്ന് റസ്റ്റോറന്റുകാരും പറയുന്നു. പാചകവാതക വില കുറയ്‌ക്കാതെ ഭക്ഷണത്തിന് വില കുറയ്‌ക്കാനാകില്ലെന്നാണ് ഭക്ഷണശാല നടത്തിപ്പുകാരുടെ വാദം.
പൊറോട്ടയ്‌ക്കും ചപ്പാത്തിക്കും നികുതി ഒഴിവാക്കിയെന്ന് പറയുന്നത് പായ്‌ക്കറ്റില്‍ വരുന്നതിനുമാത്രമാണ് ബാധകം. സാധാരണക്കാരന്റെ വിശപ്പകറ്റുന്നതിൽ കേന്ദ്രസര്‍ക്കാര്‍ താൽപ്പര്യം കാണിക്കുന്നില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ പറഞ്ഞു.
അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് തട്ടായിരുന്ന ജിഎസ്ടി അഞ്ച്, 18 എന്നീ രണ്ട് തട്ടായതോടെ 90 ശതമാനം ഉൽപ്പന്നങ്ങള്‍ക്കും വില കുറയേണ്ടതാണ്. എന്നാല്‍, എംആര്‍പി അച്ചടിച്ചിട്ടുള്ള പല ഉൽപ്പന്നങ്ങൾക്കും "പഴയ സ്റ്റോക്ക്' എന്ന പേരില്‍ വിലകുറയ്‌ക്കാന്‍ മാളുകള്‍ ഉള്‍പ്പെടെ തയ്യാറായില്ല.
അതേസമയം, മരുന്നുകളുടെ നികുതി 12ല്‍നിന്ന് അഞ്ചുശതമാനമായി കുറഞ്ഞതോടെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ആദ്യ ദിവസംതന്നെ വില കുറച്ചെന്നും അര്‍ബുദം ഉള്‍പ്പെട 33 ജീവന്‍രക്ഷാ മരുന്നുകളുടെ നികുതി ഒഴിവാക്കിയത് നിരവധിപേര്‍ക്ക് ആശ്വാസമാകുമെന്നും ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്റണി തര്യന്‍ പറഞ്ഞു. മൊബൈല്‍ഫോണ്‍, ലാപ്ടോപ്, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ വിലയില്‍ മാറ്റമില്ലാത്തത് യുവജനതയെ നിരാശപ്പെടുത്തും.









0 comments