ഗ്രൂപ്പ് വഴക്ക് രൂക്ഷം: എംഎസ്‌എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

യൂനുസ് പടന്നോട്ട്, കെ പി റംഷാദ്, അനസ് കൂട്ടക്കെട്ടിൽ
കണ്ണൂർ: ഗ്രൂപ്പ് വഴക്ക് രൂക്ഷമായതിന് പിന്നാലെ എംഎസ്‌എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. ജനറൽ സെക്രട്ടറിയെയും ട്രഷററെയും തെരഞ്ഞെടുത്തതതാണ് മരവിപ്പിച്ചത്. എംഎസ്‌എഫിൽ ശനിയാഴ്‌ച തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളാണ് ഞായറാഴ്‌ച പുറത്തായത്. രണ്ടുപേരുടെ ഭാരവാഹിത്വം മരവിപ്പിച്ചത് മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തിന് കനത്തതിരിച്ചടിയായി.
ശനിയാഴ്‌ച നടന്ന ജില്ലാസമ്മേളനത്തിലാണ് ജില്ലാ ജനറൽ സെക്രട്ടറിയായി കെ പി റംഷാദിനെയും ട്രഷററായി അനസ് കൂട്ടക്കെട്ടിലിനെയും പ്രസിഡന്റായി യൂനുസ് പടന്നോട്ടിനെയും തെരഞ്ഞെടുത്തത്. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾകരീം ചേലേരിയാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കൂടെ നിൽക്കുന്നവരാണ് ഭാരവാഹികളായ മൂന്നുപേരും. ഇതിൽ ജില്ലാ ജനറൽ സെക്രട്ടറിയായ കെ പി റംഷാദും ട്രഷററായ അനസ് കൂട്ടക്കെട്ടിലും അധ്യാപകരാണ്.
ശനിയാഴ്‌ചതന്നെ എതിർ ഗ്രൂപ്പുകാർ സംസ്ഥാന നേതൃത്വത്തിനുമുന്നിൽ പരാതിയെത്തിച്ചു. ഞായറാഴ്‌ച രാവിലെയാണ് രണ്ടുപേരുടെയും ഭാരവാഹിത്വം മരവിപ്പിച്ച് സംസ്ഥാനകമ്മിറ്റി സർക്കുലർ ഇറക്കിയത്. എയ്‌ഡഡ് സ്‌കൂളിൽ അധ്യാപകരായി ജോലി ചെയ്യുന്നവരെ എംഎസ്‌എഫ് ഭാരവാഹികളാക്കരുതെന്ന നിർദേശം ലംഘിച്ചതിനാലാണ് മരവിപ്പിക്കുന്നതെന്നാണ് സർക്കുലറിൽ. എംഎസ്‌എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫിന്റെ ഗ്രൂപ്പിലുള്ളവരെ വെട്ടിയാണ് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾകരീം ചേലേരി സ്വന്തം ഗ്രൂപ്പുകാരായ കെ പി റംഷാദിനെയും അനസ് കൂട്ടക്കെട്ടിലിനെയും ഭാരവാഹികളാക്കിയത്. ഇതാണ് എതിർഗ്രൂപ്പിനെ ചൊടിപ്പിച്ചത്. രണ്ടുനിയമനങ്ങളും മരവിപ്പിച്ച് അതേനാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു അവർ.









0 comments