ഗോവിന്ദച്ചാമിക്കൊപ്പം കഥകളും ജയിൽചാടി

എൻ കെ സുജിലേഷ്
Published on Jul 27, 2025, 01:30 AM | 1 min read
കണ്ണൂർ
സെല്ലിലെ കമ്പി തുരുമ്പെടുപ്പിക്കാൻ ഉപ്പുവച്ചു, കാണാതിരിക്കാൻ തുണി കെട്ടി, അലർജിയാണെന്ന് ഡോക്ടറോട് പറഞ്ഞ് താടിനീട്ടി... ഗോവിന്ദച്ചാമിയുടെ ജയിൽചാടലിൽ പ്രചരിച്ച കഥകളിലേറെയും കെട്ടിച്ചമച്ചത്. പൊലീസിന്റെ ചോദ്യംചെയ്യലിനുശേഷവും ഇത്തരം കഥകൾ ആധികാരികമായി പ്രചരിപ്പിക്കുകയായിരുന്നു ചില മാധ്യമങ്ങൾ.
വെള്ളിയാഴ്ച ഗോവിന്ദച്ചാമി ജയിൽചാടിയ വിവരം ലഭിച്ചയുടൻതന്നെ സിറ്റി പൊലീസ് കമീഷണറടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ജയിലിലെത്തി. സെല്ലിന്റെ കമ്പി മുറിച്ചതും മതിലിൽ കയറാൻ പ്ലാസ്റ്റിക് ടാങ്ക് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചതും പരിശോധിച്ചശേഷമാണ് മടങ്ങിയത്. 10.45ഓടെ ഗോവിന്ദച്ചാമി പിടിയിലായി. പൊലീസ് ട്രെയിനിങ് സെന്ററിൽ ഇയാളെ ചോദ്യംചെയ്തു.
ആദ്യം വഴങ്ങാതിരുന്ന ഗോവിന്ദച്ചാമി പിന്നീട് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി. സെല്ലിന്റെ കമ്പി അളന്നുമുറിച്ചതുപോലെ ആയിരുന്നെന്ന് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുറിച്ചത് കാണാതിരിക്കാൻ കമ്പിയിൽ നൂലുകൾ കെട്ടിത്തൂക്കിയിരുന്നു. ഗ്യാസ് കട്ടർപോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മുറിച്ചതുപോലെയായിരുന്നു കാഴ്ചയിൽ.
സെല്ലിൽനിന്ന് പുറത്തുകടന്നശേഷം മുറിച്ച കമ്പി പഴയതുപോലെയാക്കിയിരുന്നു. ഉപ്പുവച്ച് തുരുമ്പുപിടിപ്പിച്ചതിന്റെ ലക്ഷണങ്ങളൊന്നും സെല്ലിന്റെ കമ്പിയിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments