Deshabhimani

ഔദ്യോ​ഗിക ചടങ്ങിൽ ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച് ഭരണഘടനയെ ലംഘിക്കുകയാണ് ​ഗവർണർ: എം വി ​ഗോവിന്ദൻ

mv govindan press meet
വെബ് ഡെസ്ക്

Published on Jun 20, 2025, 03:27 PM | 1 min read

തിരുവനന്തപുരം : രാജ്ഭവനെ ആർഎസ്എസിന്റെ അടയാളങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ​ഗവർണർ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സംസ്ഥാനത്ത് ​ഗവർണർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകൾ ശക്തമായ പ്രതിഷേധം ഉയരുന്നതിന് കാരണമായിട്ടുണ്ട്. സ്കൗട്ട് ആൻഡ് ​ഗൈഡ്സിന്റെ രാജ്യ പുരസ്കാർ വിതരണവുമായി ബന്ധപ്പെട്ട് രാജ്ഭവൻ നടത്തിയ പരിപാടി ആർഎസ്എസിന്റെ പരിപാടിയാക്കി മാറ്റാനാണ് രാജ്ഭവൻ ശ്രമിച്ചത്. അറിയിപ്പിൽ പറയാത്ത ആർഎസ്എസിന്റെ പ്രതീകമായ അടയാളങ്ങളുടെ മുന്നിൽ പുഷ്പാർച്ചന നടത്താനുള്ള പരിപാടി തിരുകിക്കയറ്റുന്ന സമീപനമാണ് ഉണ്ടായത്. ഇത്തരത്തിൽ രാജ്ഭവനെ ആർഎസ്എസിന്റെ അടയാളങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റുന്നതിനെതിരെ മതനിരപേക്ഷ ശക്തികളുടെ എല്ലാ തലങ്ങളിൽ നിന്നുമുള്ള പ്രതിഷേധം ഉയർന്നുവരണം.


രാജ്യത്തിന് വ്യക്തമായ ഭരണഘടനാ നിലപാടുകളുണ്ട്. എങ്ങനെയാണ് ഓരോരോ തലങ്ങളും പ്രവർത്തിക്കേണ്ടത് എന്ന് കൃത്യമായ തീരുമാനങ്ങളുമുണ്ട്. രാജ്യത്ത് ഓരോ വ്യക്തിക്കും അവരവരുടേതായ ആരാധനാമുറകളും വിശ്വാസങ്ങളും നടപ്പിലാക്കുന്നതിന് അവകാശമുണ്ട്. എന്നാൽ സർക്കാർ പരിപാടികളിൽ പൊതുവിൽ അം​ഗീകരിക്കപ്പെട്ട ചി​ഹ്നങ്ങളും കാഴ്ചപ്പാടുകളും മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളൂ. ​ഗവർണർ നടത്തുന്ന പരിപാടികളും പൊതുപരിപാടികളും ഏതെങ്കിലുമൊരു രാഷ്ട്രീയ സംഘടനയുടെ സ്വാധീനമുള്ളതോ അവ മുന്നോട്ട് വെക്കുന്ന ചിഹ്നങ്ങളും കൊടികളും ഉപയോ​ഗിക്കുന്നവയോ ആകരുത്. ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങൾ രൂപപ്പെട്ടുകഴിഞ്ഞിട്ടും അതനുസരിച്ച് പ്രവർത്തിക്കാൻ ​ഗവർണർ തയാറാകുന്നില്ല.


ഇക്കാര്യത്തിൽ മന്ത്രി ശിവൻകുട്ടിയുടെ സമീപനം ശരിയായ ദിശയിലുള്ളതും നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതുമാണ്. മന്ത്രി ഭരണഘടനാപരമായ രീതി ലംഘിച്ചു എന്നാണ് ​ഗവർണർ അഭിപ്രായപ്പെട്ടത്. ഔദ്യോ​ഗിക ചടങ്ങിൽ ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടനാപരമായ രീതികളെ ലംഘിച്ചത്. മുമ്പ് പരിസ്ഥിതി ദിനത്തിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചിരുന്നു. സ്വാ​ഗതാർഹമായ നിലപാടായിരുന്നുവെന്ന് അന്നും വ്യക്തമാക്കിയിരുന്നു. പൊതുപരിപാടികളിൽ ഇത്തരമൊരു അവസ്ഥ ഉണ്ടാകില്ല എന്ന് അറിയിച്ചിരുന്നുവെങ്കിലും ആ സമീപനത്തിൽ നിന്ന് പിന്നോട്ടുപോകാൻ ​ഗവർണറും രജ്ഭവനും തയാറായിട്ടില്ല എന്നാണ് ഇപ്പോഴും വ്യക്തമാകുന്നത്. ഇത്തരത്തിലുള്ള തെറ്റായ നിലപാടുകളെ മതനിരപേക്ഷ നിലപാടുകളുള്ള കേരളം ശരിയായ ദിശയിൽ മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്യുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home