അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്: മുഖ്യമന്ത്രി

കൊല്ലം : അഴിമതി പൂർണ്ണമായും തുടച്ച് നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം– പത്തനംതിട്ട ജില്ലകളിലെ വിജിലൻസ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കൊല്ലം ജില്ലയിൽ പുതുതായി അനുവദിച്ച വിജിലൻസ് കോടതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊല്ലം ജില്ലയിലെ കടവൂർ മതിലിൽ ആണ് പുതിയ വിജിലൻസ് കോടതി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് കൊല്ലം- പത്തനംതിട്ട ജില്ലകളുടെ വിജിലൻസ് കേസുകൾ കൈകാര്യം ചെയ്തിരുന്നത്. കേരള ഹൈക്കോടതി ജഡ്ജി ശുഷൃത് അരവിന്ദ് ദർമ്മാധികാരി അദ്ധ്യക്ഷനായ ചടങ്ങിൽ കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെക്ഷൻസ് ജഡ്ജി എൻ വി രാജു സ്വാഗതം പറഞ്ഞു.ധനമന്ത്രി കെ എൻ ബാലഗോപാൽ വിശിഷ്ടാതിഥിയായി.
കൊല്ലത്ത് ഇന്ന് ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തെ ഏഴാമത്തെ വിജിലൻസ് കോടതി, കേരളത്തെ അഴിമതി മുക്തമാക്കുന്നതിനും അഴിമതി കേസുകൾ വളരെ വേഗത്തിൽ തീർപ്പാക്കുന്നതിനും, നിർണ്ണായകമായ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും അഴിമതി നടത്താമെന്ന് ചിന്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി പൂർണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് പൊതുവേ സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഈ സർക്കാരിന്റെ കാലത്ത് 680 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 236 ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തു. കേരളത്തിലാകെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണമെടുത്താൽ ഇതൊരു ചെറിയ സംഖ്യയാണെന്നും അഴിമതി പൂർണ്ണമായും തുടച്ച് നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നടപ്പിലാക്കിവരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ അർഹമായ കരങ്ങളിൽ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വിജിലൻസ് സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടൽ ഈ കാര്യത്തിൽ ആവശ്യമാണ്. വിജിലൻസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിജിലൻസ് കോടതി സ്ഥാപിച്ചത്. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും, നൂതന സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയിട്ടും അകാരണമായി സേവനങ്ങൾ വൈകിപ്പിക്കുന്നതും ലഭ്യമാക്കാതിരിക്കുന്നതും എല്ലാം അഴിമതി തന്നെയാണെന്നും അത് തിരിച്ചറിഞ്ഞ് ഇടപെടാൻ ഏവർക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഹൈക്കോടതി ജഡ്ജി കൗസർ എടപ്പഗത്ത് മുഖ്യ പ്രഭാഷണം നിർവഹിച്ച ചടങ്ങിൽ മന്ത്രി ചിഞ്ചുറാണി, എൻ കെ പ്രേമചന്ദ്രൻ എംപി, എം മുകേഷ് എംഎൽഎ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, വിജിലൻസ് ആസ്ഥാനത്തെ ഡിഐജി കാർത്തിക് കെ, വിജിലൻസ് തെക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി അജയ കുമാർ, കൊല്ലം കോർപ്പറേഷൻ മേയർ ഹണി ബഞ്ചമിൻ, തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജ് എ, ബാർ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.









0 comments