കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

Kadakkal hospital
വെബ് ഡെസ്ക്

Published on Mar 06, 2025, 04:42 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോർ നേടിയാണ് എൻക്യുഎഎസ് കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികൾ എൻക്യുഎഎസ് അംഗീകാരവും 85 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികൾ, അഞ്ച് താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 136 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നാല് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുണ്ട്.


ഈ സർക്കാരിന്റെ കാലത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. മന്ത്രി വീണാ ജോർജ് നിരവധി തവണ ആശുപത്രിയിലെത്തി വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. ഈ സർക്കാരിന്റെ കാലത്ത് 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതിൽ പുതിയ വികസന പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.


മികച്ച സേവനങ്ങളാണ് ഇവിടെ നൽകി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓർത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റിൽ ദിവസവും നാല് ഷിഫ്റ്റിൽ നാൽപതോളം പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. കിടപ്പ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഒമ്പത് കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയർ വാർഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബർ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.



deshabhimani section

Related News

0 comments
Sort by

Home