ആരോഗ്യരംഗത്ത് കേരളം ചെലവഴിക്കുന്നത് ദേശീയതലത്തിലേക്കാൾ കൂടുതൽ വിഹിതം
പ്രൈവറ്റല്ല ; പ്രിയം സർക്കാർ ആശുപത്രി

സി പ്രജോഷ് കുമാർ
Published on Jul 26, 2025, 01:33 AM | 1 min read
മലപ്പുറം
കേരളത്തിൽ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതായി പഠന റിപ്പോർട്ട്. 2004ൽ 31.6 ശതമാനം പേർ സർക്കാർ ആശുപത്രികളെ ആശ്രയിച്ചപ്പോൾ 2019ൽ ഇത് 43.7 ആയതായി ശാസ്‌ത്രസാഹിത്യ പരിഷത്ത് കേരള പഠന റിപ്പോർട്ട്. സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഗുരുതര രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഇടത്തരം സമ്പന്നരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി.
അതിദരിദ്രർ (50.8/70.1 ശതമാനം). ദരിദ്രർ (38.3/56.7), ഇടത്തരക്കാർ (23/44.1), ഉയർന്ന ഇടത്തരക്കാർ (9.2/22.9) എന്നിങ്ങനെയാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതിലുള്ള വർധന. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 64.4 ശതമാനത്തിൽനിന്ന് 48.4 ആയി കുറഞ്ഞു. ഗുരുതര രോഗങ്ങൾക്ക് 2004ൽ 47.4 ശതമാനം പേരാണ് സർക്കാർ ആശുപത്രിയെ ആശ്രയിച്ചതെങ്കിൽ 2019ൽ 61.1 ആയി. സാമ്പത്തികമായി ഉയർന്നവരിൽ 17.2 ശതമാനത്തിൽനിന്ന് 45.9 ആയി ഉയർന്നു.
കേരളത്തിന്റെ രോഗാതുരത 2004നെ അപേക്ഷിച്ച് 6.3 ശതമാനം കുറഞ്ഞു.
ചികിത്സാചെലവ് വർധിച്ചു. ആളോഹരി വാർഷിക ചികിത്സാചെലവ് 89 രൂപയിൽനിന്ന് 678 ആയി. ആയുർദൈർഘ്യം വർധിച്ചതും ജീവിതശൈലീരോഗങ്ങളുടെ വർധനയും ആളോഹരി ചികിത്സാച്ചെലവിന്റെ വർധനക്ക് കാരണമായി. പൊതുജനാരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെട്ടതാണ് ചികിത്സാച്ചെലവ് പിടിച്ചുനിർത്തിയത്. കുടുംബ ചെലവിൽ ചികിത്സാച്ചെലവിന്റെ അനുപാതം 13.9 (2004)ൽനിന്ന് 16.3 (2019) ശതമാനമായി.
ആരോഗ്യമേഖലയിൽ കേരളം ഇന്ത്യൻ ശരാശരിയെക്കാൾ കൂടുതൽ വിഹിതം ചെലവഴിക്കുന്നതായി കണക്കുകൾ പറയുന്നു. ജിഡിപിയുടെ 4.5 ശതമാനം കേരളം ചെലവഴിക്കുമ്പോൾ ദേശീയതലത്തിൽ ഇത് 3.3 ആണ്. കേരളത്തിന്റെ ആളോഹരി വാർഷിക ആരോഗ്യച്ചെലവ് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലധികമാണ് (4863/10607). ആളോഹരി ആരോഗ്യത്തിന് സർക്കാർ ചെലവാക്കുന്നതും ഇന്ത്യൻ ശരാശരിയെക്കാൾ (47.1)കൂടുതലാണ്. ആകെ ചെലവിന്റെ 67.9 ശതമാനം. ജീവിതനിലവാരം ഉയർന്നതും ആയുർദൈർഘ്യം വർധിച്ചതും രണ്ടാംതലമുറ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതായും ഇവ നേരിടുകയാണ് മുഖ്യ അജൻഡയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.









0 comments