ഖാദി തൊഴിലാളികൾക്കായി 2.44 കോടി രൂപ അനുവദിച്ച് സർക്കാർ

ഖാദി വസ്‌ത്രമേളയിൽ നിന്ന് (ഫയൽ ചിത്രം)
തിരുവനന്തപുരം: ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി സർക്കാർ 2.44 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് തുക അനുവദിച്ച കാര്യം അറിയിച്ചത്. ഖാദി നൂൽനൂൽപ്പുകാർക്കും നെയ്‌ത്തുകാർക്കും ഉൽപാദക ബോണസും ഉൽസവ ബത്തയുമടക്കം വിതരണം ചെയ്യാൻ തുക ഉപയോഗിക്കും.
12,500 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. ബജറ്റിൽ 5.60 കോടി രൂപയായിരുന്നു വകയിരിത്തിയിരുന്നത്. നേരത്തെ 3.16 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ബാക്കിയാണ് ഇപ്പോൾ അനുവദിച്ച തുക.
നേരത്തെ സംസ്ഥാനത്തെ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്കായി ആവിഷ്കരിച്ച സാമ്പത്തിക സഹായ പദ്ധതിയായ ഇൻകം സപ്പോർട്ട് സ്കീം പ്രകാരം കയർ, ഖാദി തൊഴിലാളികൾക്കായി 24.83 കോടി രൂപ കൂടി അനുവദിച്ചിരുന്നു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന് 17.50 കോടി രൂപയും കയർ വികസന ഡയറക്ടറേറ്റിന് 7.33 കോടി രൂപയുമാണ് തൊഴിൽ വകുപ്പ് അനുവദിച്ചത്. 90 കോടി രൂപയാണ് ഇൻകം സപ്പോർട്ട് സ്കീമിൽ ഈ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുള്ളത്.
0 comments