മലപ്പുറം കാട്ടുങ്ങലിലെ സ്വര്‍ണക്കവര്‍ച്ച ജ്വല്ലറി ജീവനക്കാരന്റെ അറിവോടെ

മലപ്പുറം: മഞ്ചേരി കാട്ടുങ്ങലിൽ ജ്വല്ലറി ജീവനക്കാരെ അക്രമിച്ച് സ്വർണം കവർന്നെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ജ്വല്ലറി ജീവനക്കാരന്റെ ഒത്താശയോടെയാണ് സ്വർണം കവർന്നതെന്ന് പൊലീസ് കണ്ടെത്തി. ജ്വല്ലറികളിലേക്ക് സ്വർണം കൊണ്ടുപോയ ജീവനക്കാരന്റെ സഹോദരനും സുഹൃത്തുമാണ് ബൈക്കിലെത്തി കവർച്ച നടത്തിയത്. സംഭവത്തിൽ ജ്വല്ലറി ജീവനക്കാരനായ തിരൂർക്കാട് കടവത്തുപറമ്പ് ശിവേഷ് (34), സഹോദരൻ ബെൻസ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.
ശനി രാത്രി ഏഴോടെയാണ് സംഭവം. ശിവേഷും ജ്വല്ലറി ജീവനക്കാരനായ സുകുമാരനും ബൈക്കിൽ സ്വർണം കൊണ്ടുപോകവെ മറ്റൊരു ബൈക്കിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. കാട്ടുങ്ങലിൽ ബൈക്ക് നിർത്തി ജീവനക്കാരിലൊരാൾ കടയിൽ സാധനം വാങ്ങാൻ കയറിയപ്പോൾ സ്‌കൂട്ടർ ചവിട്ടി വീഴ്‌ത്തിയാണ് സ്വർണമടങ്ങിയ ബാഗ് തട്ടിയെടുത്തത്.
തുടർന്ന് മലപ്പുറം ഭാഗത്തേക്ക് കവർച്ചാസംഘം കടന്നുകളഞ്ഞു. ഉടൻ സംഭവസ്ഥലത്തെത്തിയ മലപ്പുറം പൊലീസ് ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചു. പെരിന്തൽമണ്ണയിൽവച്ചാണ് ശിവേഷിന്റെ സഹോദരൻ ബെൻസിനെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്. 1034 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് ജ്വല്ലറി ഉടമ മഞ്ചേരി പൊലീസിൽ നൽകിയ പരാതിയിലുണ്ട്.









0 comments