ഒരുകോടിയുടെ തങ്കം കവർന്നു

ചേർപ്പ്
തൃശൂരിലെ സ്വർണ വ്യാപാരിയുടെ ഒരുകോടി രൂപ വിലമതിക്കുന്ന തങ്കം കോയമ്പത്തൂരിൽ വച്ച് കവർന്നു. തൃശൂരിലേക്ക് വരുന്നതിനിടയിലാണ് മുഖംമറച്ചെത്തിയ അഞ്ചംഗ സംഘം കവർച്ച നടത്തിയത്. 60,000 രൂപയും നഷ്ടമായി. പാലക്കാട്–കോയമ്പത്തൂർ ദേശീയ പാതയിൽ ചാവടിക്ക് സമീപത്താണ് സംഭവം.
പാലയ്ക്കലിലെ ജെ ബി ജുവൽസ് സ്വർണാഭരണ നിർമാണശാല ഉടമ പുലോക്കാൻ ജോയ്സൺ (52), ജീവനക്കാരനായ വിഷ്ണു (28) എന്നിവർ സഞ്ചരിച്ചിരുന്ന മാരുതി ബ്രെസ കാറിന് മുന്നിൽ ലോറി നിർത്തി വഴി തടഞ്ഞാണ് മോഷണം നടത്തിയത്. പുറകിൽ മറ്റൊരു കാറിലെത്തിയ പ്രതികൾ കാർ ഓടിച്ചിരുന്ന വിഷ്ണുവിന്റെ ഭാഗത്തെ ചില്ല് ചുറ്റിക പോലെയുള്ള ആയുധം ഉപയോഗിച്ച് പൊട്ടിച്ചു. തുടർന്ന് ഇരുവരുടെയും മുഖത്തേക്ക് കുരുമുളക് സ്‌പ്രേ അടിച്ചു.
കാറുമായി കടന്ന മോഷണ സംഘം ആദ്യം വിഷ്ണുവിനെയും പിന്നീട് ജോയ്സനെയും വഴിയിൽ ഉപേക്ഷിച്ചു. ഇവരുടെ കാറും ജോയ്സന്റെ മോതിരവും മാലയും ഉൾപ്പെടെ സംഘം കൈക്കലാക്കി. ഇവർ നൽകിയ പരാതിയിൽ ചാവടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നൈയിലെ വിവിധ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ വിതരണം ചെയ്‌ത ശേഷം അതിനു പകരമായ തങ്കവുമായി മടങ്ങുന്നതിനിടയിലാണ് സംഭവം. തൃശൂരിൽ നിന്ന് കാറിൽ കോയമ്പത്തൂർ വന്ന് അവിടെ നിന്ന് ട്രെയിനിലാണ് ചെന്നൈയിൽ പോയതും വന്നതും.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. ഇവരുടെ യാത്രയെക്കുറിച്ച് കൃത്യമായി അറിയുന്നവരാണ് പ്രതികൾ എന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികൾ മലയാളമാണ് സംസാരിച്ചതെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.









0 comments