2 നാളിലായി സ്വർണവില 1800 രൂപ കുറഞ്ഞു ; അക്ഷയതൃതീയക്ക് 1500 കോടിയുടെ വ്യാപാരം നടന്നുവെന്ന് സ്വർണവ്യാപാരികൾ

കൊച്ചി :
സംസ്ഥാനത്ത് സ്വർണവിലയിടിവ് തുടർന്നു. വെള്ളിയാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 70,040 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയുമായി. തുടർച്ചയായി രണ്ടാംദിവസമാണ് വില കുറഞ്ഞത്. സംസ്ഥാനത്ത് വൻതോതിൽ സ്വർണവിൽപ്പന നടന്ന അക്ഷയതൃതീയ കഴിഞ്ഞ് അടുത്തദിവസം (വ്യാഴം) ഒറ്റയടിക്ക് പവന് 1640 രൂപ കുറഞ്ഞു. രണ്ടുദിവസംകൊണ്ട് 1800 രൂപ കുറഞ്ഞു.
അക്ഷയതൃതീയക്ക് സംസ്ഥാനത്തെ 12,000 ജ്വല്ലറികളിലായി അഞ്ചുലക്ഷത്തോളംപേർ സ്വർണം വാങ്ങാനെത്തിയെന്നും 1500 കോടിയിലധികം രൂപയുടെ വ്യാപാരം നടന്നെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് അബ്ദുൽ നാസർ പറഞ്ഞു.
അന്താരാഷ്ട്രവിപണിയിൽ സ്വർണവില താഴ്ന്നതാണ് സംസ്ഥാനത്തും വില കുറയാൻ കാരണമായത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) 3500 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയ അന്താരാഷ്ട്രവില 3237 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. എന്നാൽ, ലാഭമെടുത്ത് പിൻവാങ്ങിയ ആഗോളനിക്ഷേപകർ കുറഞ്ഞ വിലയിൽ വൻതോതിൽ സ്വർണം വാങ്ങാൻ തുടങ്ങിയതോടെ വില വീണ്ടും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു.









0 comments