ചില്ലുപാലത്തിൽ ‘ചില്ലാണ്‌' കുട്ടികൾ

glass bridge
avatar
സായൂജ്‌ ചന്ദ്രൻ

Published on Jul 04, 2025, 02:53 AM | 1 min read


പാലക്കാട്‌

സമീപത്തെ സ്വകാര്യ പാർക്കിൽ ചില്ലുപാലമുണ്ട്‌. എന്നാൽ അവിടേക്ക്‌ വലിയ തുക നൽകിയാലേ പ്രവേശനമുള്ളൂ. കൊതിയോടെ നോക്കുന്ന കുട്ടികൾക്ക്‌ സ്വന്തം സ്‌കൂളിൽ എപ്പോഴും സൗജന്യമായി കയറാനുള്ള ഒരു ചില്ലുപാലം നിർമിച്ചാലോ, അധ്യാപകർ ഇങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ്‌ സമഗ്ര ശിക്ഷ കേരളയിൽ ഉൾപ്പെടുത്തി വർണക്കൂടാരത്തിന്‌ 10 ലക്ഷം രൂപ അനുവദിക്കുന്നത്‌. അത്‌ സംസ്ഥാന ചരിത്രത്തിൽ മറ്റൊരു അധ്യായം എഴുതുകയായിരുന്നു. കോങ്ങാട്‌ പഞ്ചായത്തിലെ പൂതങ്കോട്‌ ഗവ. എൽപി സ്‌കൂളിൽ അങ്ങനെ ഒരു ചില്ലുപാലം ഉയർന്നു, സംസ്ഥാനത്ത്‌ സ്കൂളുകളിൽ നിർമിക്കുന്ന ആദ്യത്തേത്‌.


കൗതുകവും കളിയാരവങ്ങളുമായി പൂതങ്കോട്‌ ജിഎൽപി സ്കൂളിലെ ചില്ലുപാലം സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌. പഞ്ചേന്ദ്രിയ ഇടം, കളിയിടം, ഹരിതോദ്യാനം എന്നിങ്ങനെ മൂന്നായാണ്‌ വർണക്കൂടാരത്തെ തിരിച്ചിരിക്കുന്നത്‌. ഇതിൽ പഞ്ചേന്ദ്രിയ ഇടത്തിലാണ്‌ ചില്ലുപാലം. പാലത്തിലേക്കുള്ള പടികൾ കയറിയെത്തുമ്പോൾ ആദ്യം ചവിട്ടുന്നത്‌ പുല്ലിന്‌ മുകളിലാണ്‌. പിന്നീട്‌ മിനുസമുള്ള ചില്ലിലൂടെ കാഴ്‌ചകൾ കണ്ടുള്ള നടത്തം. അവിടെനിന്ന്‌ തല കീഴായി നിർമിച്ച കുടിലിലേക്കാണ്‌ പ്രവേശനം. പരുപരുത്ത ചകിരിയിലൂടെ നടന്ന്‌ ഉരുളൻ കല്ലുകൾക്ക്‌ മുകളിലെത്തും. തിരിച്ച്‌ പടികളിറങ്ങാതെ സ്ലൈഡിലൂടെ ഉരസിയാണ്‌ താഴേക്കെത്തുക. വിനോദത്തിന്‌ അപ്പുറം സ്പർശനത്തിന്റെ ശാസ്‌ത്ര വശങ്ങൾ കുട്ടികൾക്ക്‌ ബോധ്യപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഇരുമ്പ്‌ കമ്പികളും മരത്തടിയും ഉപയോഗിച്ചുള്ള നിർമാണം സുരക്ഷ ഉറപ്പുവരുത്തുന്നു. 40 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓരോ ക്ലാസുകാർക്കും ഓരോ സമയത്താണ്‌ പ്രവേശനം. ക്ലാസ്‌ ചുമതലയുള്ള അധ്യാപകരും ഒപ്പമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home