ഓണക്കാലത്ത് കൂടുതൽ അരിവിഹിതം വേണം; മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരി നൽകണമെന്ന് മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി കേരളത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചത്.
മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമേ നിലവിൽ എൻഎഫ്എസ്എ നിയമപ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുള്ളൂ. ഇതോടെ ഓണം പോലെയുള്ള വിശേഷാവസരങ്ങളിൽ പൊതു മാർക്കറ്റിൽ അരിയുടെ വില കുതിച്ചുയരാതിരിക്കാൻ മുൻഗണനേതര വിഭാഗക്കാർക്കും കഴിയുന്ന അളവിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട് മുൻഗണനേതര കുടുംബങ്ങൾക്ക് ഓണക്കാലത്ത് അധികമായി അഞ്ച് കിലോ അരി അനുവദിക്കണമെന്നാണ് കേന്ദ്ര മന്ത്രിയോട് മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടത്.
ടൈഡോവർ വിഭാഗത്തിൽ ഗോതമ്പ് അലോട്ട്മെന്റ് ഉണ്ടായിരുന്നു അത് പുനഃസ്ഥാപിക്കണം, ഇ- പോസ്മെഷീൻ അപ്ഗ്രഡേഷൻ അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിക്കണം, ലീഗൽ മെട്രോളജി വകുപ്പിൽ വെയ്ബ്രിഡ്‌ജ് വെരിഫിക്കേഷൻ കിറ്റും പുതിയ വാഹനങ്ങളും അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുവിതരണ വകുപ്പ് ആറു പതിറ്റാണ്ട് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ആഘോഷ പരിപാടികളുടെ സമാപനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കുകയും ചെയ്‌തു. കൂടിക്കാഴ്ചയിൽ മന്ത്രിയോടൊപ്പം സന്തോഷ് കുമാർ എംപിയും ഉണ്ടായിരുന്നു.









0 comments