ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ സർവീസ് കോഴ്സ്: ധാരണപത്രം ഒപ്പിട്ടു

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് സൗജന്യമായി മൊബൈൽ സർവീസ് ടെക്നോളജി കോഴ്സ് പഠിക്കാൻ ധാരണാപത്രം ഒപ്പിട്ടതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരത്തെ കമ്പ്യൂട്രോൺ ട്രെയിനിംഗ് സൊല്യൂഷനും തമ്മിലാണ് ധാരണാപത്രം.
ദുബായ് കേന്ദ്രമായ് കാൽനൂറ്റാണ്ടിൻ്റെയും തിരുവനന്തപുരത്ത് ഒരു വർഷത്തെയും പ്രവർത്തന പരിചയമുള്ള കമ്പ്യൂട്രോൺ ആണ് സൗജന്യമായി പരിശീലനം നൽകുക. ഇരുപതു പേരുള്ള ബാച്ചിനെ തിരഞ്ഞെടുത്ത് ആറു മാസത്തേക്കാണ് കോഴ്സ്. ദിവസം രണ്ടു മണിക്കൂർ വച്ച് ആഴ്ചയിൽ അഞ്ചു ദിവസം പരിശീലനം കൊടുക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ആൻഡ് ട്രെയിനിംഗ് (NACTET) അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകും. പരീക്ഷ ഫീസ് പരിശീലനം നേടുന്നവർ വഹിക്കണം.
പരിശീലനാർഥികളെ സുതാര്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിന് കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മേൽനോട്ടം വഹിക്കും. ആർപിഡബ്ല്യൂഡി ആക്ട് (2016) പ്രകാരമുള്ള ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ, കരിയർ കൗൺസിലിംഗ്, തൊഴിൽ മാർഗനിർദ്ദേശം എന്നിവയും സ്വയംതൊഴിൽ അവസരങ്ങളും കമ്പ്യൂട്രോൺ നൽകും. മൊബൈൽ സംബന്ധമായ വളരെ ചെറിയ ചിപ്പുകൾ സർവീസ് ചെയ്യേണ്ടതുകൊണ്ട് ഇരു കൈകളും പ്രവർത്തനക്ഷമതയുള്ള കേൾവി ശക്തിയും (സഹായ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും അവസരം) കാഴ്ചയും ഉള്ളവർക്ക് കോഴ്സിൽ പങ്കെടുക്കാം. പഠിതാക്കൾക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പാക്കും.
ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നേടുന്നതിനും അതിലൂടെ സ്വയംതൊഴിൽ ആരംഭിക്കുന്നതിനും വൻകിട സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനും അവസരമൊരുക്കുന്നതാണ് പദ്ധതി - മന്ത്രി പറഞ്ഞു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാലി എം വി, മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻകുട്ടി, ഡയറക്ടർ ബോർഡ് മെമ്പർ ഗിരീഷ് കീർത്തി, എസ്ആർസി സ്റ്റേറ്റ് കോഡിനേറ്റർ ജോസ് കുഞ്ഞു കെ ജെ, റീജിനൽ കോർഡിനേറ്റർ അജയ് ലോവ്ലിൻ, കമ്പ്യൂട്രോൺ മാനേജിംഗ് ഡയറക്ടർ ഷക്കീർ, ഡയറക്ടർ രജീന ഷക്കീർ, പ്രോഗ്രാം കോർഡിനേറ്റർ ഖലീൽ റഹ്മാൻ എം എന്നിവർ ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.








0 comments