വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ തട്ടിപ്പ്: മുന്നറിയിപ്പ് നൽകി കേരള പൊലീസ്

തിരുവനന്തപുരം: വ്യാജ ഷോപ്പിംഗ് സൈറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുെമന്ന് പരസ്യം കണ്ട് എടുത്ത്ചാടിയാൽ 'പണി'കിട്ടുമെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. പ്രമുഖമായ ഇ-കോമേഴ്‌സ് സൈറ്റുകൾക്ക് സമാനമായ സൈറ്റുകൾ, കുറഞ്ഞ തുകയ്ക്ക് ബ്രാൻഡഡ് ആയിട്ടുള്ള പ്രോഡക്ടസ് വാഗ്ദാനം ചെയ്തുകൊണ്ട്, സോഷ്യൽ മീഡിയയിൽ പരസ്യങ്ങളായും, വാട്സ്ആപ്പ്, ഇ-മെയിൽ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളായും ലഭ്യമാക്കി തട്ടിപ്പുകൾ നടത്തുന്നത് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത്തരം വ്യാജ ഷോപ്പിംഗ് സൈറ്റുകൾ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുെമന്ന് കരുതി പണം നൽകുന്നവർക്ക് പണം നഷ്ടപെടുന്നതിനും കാരണമാകുന്നു.
ഒറ്റനോട്ടത്തിൽ പ്രധാന വെബ്സൈറ്റുകളുടെ അഡ്രസ് പോലെ തോന്നിക്കത്തക്കവിധം അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ്സിലെ അക്ഷരങ്ങൾ തെറ്റിച്ച് തട്ടിപ്പ് സൈറ്റുകളിലേത്തിക്കുന്ന സൈബർ കുറ്റകൃത്യമാണ് ടൈപോസ്‌ക്വോട്ടിംഗ് (Typosquatting)
ഉദാഹരണമായി Goggle. com, foogle. com, hoogle. com, boogle. com, yoogle. com, toogle. com, roogle. com തുടങ്ങിയ രീതിയിലുള്ളതാണ് URL ഹൈജാക്കിംഗ് സൈറ്റുകൾ.
കെട്ടിലും മട്ടിലും യഥാർഥ വെബ്സൈറ്റിനെ അനുസ്മരിപ്പിക്കുന്നതായിരിക്കും ടൈപോസ്‌ക്വോട്ടിംഗ് വെബ്സൈറ്റുകൾ. യഥാർഥ വെബ്സൈറ്റിന്റെ അഡ്രസ് ടൈപ്പു ചെയ്യുമ്പോൾ അതിൽ ഒരക്ഷരം തെറ്റിയാൽ എത്തിച്ചേരുന്നത് URL ഹൈജാക്കിംഗ് വെബ്സൈറ്റുകളിലേക്കാകാം. ഒറിജിനൽ വെബ്സൈറ്റ് പോലെ തോന്നിക്കാൻ വേണ്ടി അവരുടെ ലോഗോകൾ, ലേഔട്ട്, ഉള്ളടക്കം തുടങ്ങിയവയൊക്കെ ഇത്തരം വ്യാജ വെബ്സേറ്റിൽ കാണാം. അഡ്രസ് എക്സ്‌റ്റെൻഷൻ മാറ്റിയും തട്ടിപ്പിനിരയാക്കാം. ".org" എന്നതിന് പകരം ".com" എന്നായിരിക്കും ഹൈജാക്കിംഗ് സൈറ്റിൽ. ഉദാഹരണം google.com ന് പകരം google.org . www.facebook.com - wwwfacebook.com എന്ന രീതിയിലും.
അറിയപ്പെടുന്ന ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ വെബ്സൈറ്റുകൾ കാണാറുള്ളത്. ഇവയിൽ ലോഗ് ഇൻ ചെയ്യുകയും ബാങ്കിങ് വിശദാംശങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ അടക്കമുള്ള സ്വകാര്യ വിവരങ്ങൾ നൽകിയാൽ തട്ടിപ്പിനിരയാകാം. ഇങ്ങനെ ലഭിക്കുന്ന പല വിവരങ്ങളും സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നു.
ശ്രദ്ധിക്കുക
തെറ്റായ വെബ് സൈറ്റിലേക്കാണ് പ്രവേശിച്ചത് എന്ന് മനസിലായാൽ ബ്രൗസർ ക്ലോസ് ചെയ്ത് കുക്കീസ് ക്ലിയർ ചെയ്യുക.
വെബ്സൈറ്റിന്റെ പേര് ടൈപ്പു ചെയ്ത ശേഷം എന്തെങ്കിലും പന്തികേടു തോന്നിയാൽ വീണ്ടും പരിശോധിക്കുക.
URL ഹൈജാക്കിംഗ് പ്രതിരോധം ഉള്ള ബ്രൗസറുകൾ ഉപയോഗിക്കുക.
പല ബ്രൗസറുകൾക്കും ടൈപോസ്‌ക്വോടിങ്ങിനെതിരെയുള്ള വെബ് എക്സ്റ്റെൻഷനുകൾ ലഭിക്കും. അവ പ്രയോജനപ്പെടുത്താം.
തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.









0 comments