മനുഷ്യ-വന്യജീവി സംഘര്‍ഷം; നാടന്‍ കുരങ്ങുകളുടെ നിയന്ത്രണത്തിന് വനം വകുപ്പ് ശില്‍പ്പശാല

തിരുവനന്തപുരം : നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ പലയിടത്തും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് മനുഷ്യരും നാടൻ കുരങ്ങുകളുമായുള്ള (ബോണറ്റ് മക്കാക്ക്) സംഘർഷം. ഇവയെ നിയന്ത്രിക്കുന്നതിനായി വനം വകുപ്പ് 'മിഷൻ ബോണറ്റ് മക്കാക്ക്' എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ക്ഷേമവും നാടൻ കുരങ്ങുകളുടെ സംരക്ഷണവും ലക്ഷ്യം വച്ച് നൂതനവും ശാസ്ത്രീയവും ഫലപ്രദവുമായ ദീർഘകാല മാർഗങ്ങൾ ആവിഷ്‌കരിക്കുന്നതിത് സംസ്ഥാന വനം വകുപ്പ് മെയ് 28 ന് തിരുവനന്തപുരം പിടിപി നഗറിലെ ഫോറസ്റ്റ് കോപ്ലക്‌സിൽ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വനം മേധാവി രാജേഷ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.
മനുഷ്യനും നാടൻ കുരങ്ങുകളുമായുള്ള സംഘർഷത്തിന് മാനുഷികവും സുസ്ഥിരവും ശാസ്ത്രീയവുമായ സമീപനങ്ങൾ രൂപപ്പെടുത്തുന്നതിന് പ്രമുഖ വന്യജീവി വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, നയരൂപീകരണ വിദഗ്ദ്ധർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും.
മൈസൂർ സർവ്വകലാശാലയിൽ നിന്നുള്ള പ്രൊഫ. മേവാസിംഗ്, ശാസ്ത്രജ്ഞൻ ഡോ. എച്ച്എ ൻ കമാര, സിസിഎംബി ഹൈദരാബാദിൽ നിന്നുള്ള ഡോ. ജി ഉമാപതി, ഹിമാച്ചൽ പ്രദേശിലെ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. സന്ദീപ് രത്തൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അനുരാജ് ആർ എന്നിവർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കും.
ആവാസ വ്യവസ്ഥയുടെ ശിഥിലീകരണം, നഗരവത്ക്കരണം, കാർഷിക വിളകളുടെ സ്വാധീനം തുടങ്ങി പലവിധ കാരണങ്ങളാൽ സംജാതമാകുന്നതും വർധിച്ചു വരുന്നതുമായ മനുഷ്യ-നാട്ടു കുരങ്ങ് സംഘർഷം ഉയർത്തുന്ന സങ്കീർണ്ണമായ വെല്ലുവിളികളെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിനുള്ള നൂതന ശാസ്ത്രീയ മാർഗങ്ങൾ രൂപപ്പെടുത്തുക എന്നതാണ് ശിൽപ്പശാലയുടെ ഉദ്ദേശം.
കർഷകരുടെയും കർഷക സംഘടനകളുടെയും ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് വനം വകുപ്പ് 'മിഷൻ ബേണറ്റ് മക്കാക്ക'ന് രൂപം നൽകിയിട്ടുള്ളത്. ഇതിലൂടെ നാടൻ കുരങ്ങുകൾ മൂലമുണ്ടാകുന്ന സംഘർഷങ്ങളുടെ കാരണങ്ങളും, പൊതുവായും പ്രാദേശിക പ്രതേ്യകതകൾക്ക് അനുസരിച്ച് പ്രതേ്യകമായും പ്രതിവിധി സ്വീകരിക്കാവുന്ന നടപടികൾ ഉൾക്കൊള്ളിച്ചും വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കും.
ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ. പി പുകഴേന്തി, ചന്ദ്രശേഖർ,ജസ്റ്റിൻ മോഹൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, വൈൽഡ് ലൈഫ് പ്രമോദ് പി എന്നിവരും സെമിനാറിൽ ( രാവിലെ 9.30 മുതൽ വൈകുന്നേരം 4.00 മണിവരെ) .പങ്കെടുക്കും.









0 comments