കേരളം തമിഴ്‌നാട് വനത്തിൽ 2668 വരയാടുകൾ
തിരുവനന്തപുരം കേരള തമിഴ്‌നാട് വനത്തിൽ 2668 എണ്ണം വരയാടുകളുള്ളതായി കണ്ടെത്തൽ. ഇതില്‍ 1365 എണ്ണം കേരളത്തിലും 1303 എണ്ണം തമിഴ്നാട്ടിലുമാണ്. കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വരയാടുകള്‍ കാണപ്പെടുന്ന സ്ഥലം. ഇവിടെ 2024-ലെ കണക്കില്‍ 827 എണ്ണം വരയാടുകള്‍ ആയിരുന്നത് ഇത്തവണ 841 ആയി വര്‍ധിച്ചു. വരയാടുകളുടെ സംയുക്ത കണക്കെടുപ്പ് റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ ഉള്ളത്.
മൂന്നാർ ലാൻഡ്‌സ്‌കേപ്പിലാണ് കേരളത്തിലെ വരയാടുകളുടെ ഭൂരിഭാഗവും. തമിഴ്നാട്ടില്‍ മുക്കൂര്‍ത്തി നാഷണല്‍ പാര്‍ക്കിലും കേരളത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാസ്ഹില്‍സ് നാഷണല്‍ പാര്‍ക്കിലുമാണ് കൂടുതലായി വരയാടുകളെ കണ്ടെത്തിയിട്ടുള്ളത്.
കേരളത്തില്‍ 89, തമിഴ്നാട്ടില്‍ 182 ഇടങ്ങളാണ് കണക്കെടുപ്പിനായി തിരഞ്ഞെടുത്തത്. വരയാടുകളുടെ ആവാസവ്യവസ്ഥയുള്ള എല്ലാ പ്രദേശങ്ങളിലും നാലുദിവസം തുടര്‍ച്ചയായി ശാസ്ത്രീയ രീതികള്‍ബൗണ്ടഡ് കൗണ്ട്, ഡബിള്‍ ഒബ്‌സര്‍വര്‍ എന്നീ രീതികള്‍ ഉപയോഗിച്ച് കണക്കെടുപ്പ് നടത്തി തിരുവനന്തപുരം മുതല്‍ വയനാട്‌വരെ വരയാടുകള്‍ കാണപ്പെടുന്ന 19 വനം ഡിവിഷനുകളെയാണ് കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വരയാടുകളുടെ എണ്ണല്‍ മാത്രമല്ല, ഇവയുടെ ഭൂമിശാസ്ത്രപരമായ വിന്യാസവും അവ നേരിടുന്ന പരിസ്ഥിതിക വെല്ലുവിളികള്‍ മനസ്സിലാക്കുകയും കാമറ ട്രാപ്പ് ഉപയോഗിച്ച് കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു. ഇത് വഴി വരയാടുകളുടെ സാന്നിധ്യം ഇല്ലാതായ ആവാസവ്യവസ്ഥകളെ തിരിച്ചറിയാനും ആവശ്യമെങ്കില്‍ പുനഃസ്ഥാപിക്കാനും സഹായകമാകും.
വരയാടുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് തോട്ടം മേഖലയുടെ ആവിര്‍ഭാവമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ഭൂവിനിയോഗ രീതികള്‍, ആവാസവ്യവസ്ഥകളുടെ ശോഷണം എന്നിവയും വരയാടുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സംരക്ഷിത വനമേഖലയല്ലാത്ത ആവാസവ്യവസ്ഥകളുടെ സംരക്ഷണം ശക്തിപ്പെടുത്തണം, അധിനിവേശ സസ്യങ്ങള്‍ നീക്കംചെയ്യണം, നിയന്ത്രിത തീ ഇടല്‍ നടത്തി പുല്‍മേടുകള്‍ സംരക്ഷിക്കണം, ആവാസവ്യവസ്ഥകള്‍ പുനഃസ്ഥാപിക്കാന്‍ ശാസ്ത്രീയ പദ്ധതികള്‍ രൂപപ്പെടുത്തണം, ഭാവി ഗവേഷണങ്ങളില്‍ ജനിതക പഠനവും റേഡിയോ ടെലിമെട്രിയും ഉള്‍പ്പെടുത്തണം തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.









0 comments