ലോട്ടറിയുടെ ജിഎസ്‌ടി വർധന: ട്രേഡ്‌ യൂണിയൻ നേതാക്കളുമായി ധനമന്ത്രി ചർച്ച നടത്തി

trade union leaders with fm balagopal
വെബ് ഡെസ്ക്

Published on Sep 10, 2025, 05:30 PM | 1 min read

തിരുവനന്തപുരം: ലോട്ടറിയുടെ ജിഎസ്‌ടി വർധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ട്രേഡ്‌ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി. വിൽപനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുടെ പ്രതിനിധികൾ ലോട്ടറിയുടെ ജിഎസ്‌ടി വർധന മൂലം തൊഴിൽ മേഖലയിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വിശദീകരിച്ചു. ലോട്ടറി ഡയറക്ടർ ഡോ. മിഥുന്‍ പ്രേംരാജും പങ്കെടുത്തു.


പുതിയ ജിഎസ്‌ടി നിരക്ക്‌ പരിഷ്‌കരണ തീരുമാനത്തിൽ, കേരള സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെയും ചൂതാട്ടത്തിനും കാസിനോകൾക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതി പട്ടികയിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. വിതരണക്കാരും ടിക്കറ്റ് വിൽപ്പനക്കാരുമായി രണ്ട് ലക്ഷം ആളുകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗമാണ്‌ കേരള ലോട്ടറി സംവിധാനം. വിപുലമായ ജനപിന്തുണയുമുണ്ട്‌.


ജിഎസ്ടി വർധനവ് ടിക്കറ്റ് വിൽപ്പന കുറയ്ക്കുകയും ഈ ദുർബല വിഭാഗങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യും. അതിനാൽ, സർക്കാർ നടത്തുന്ന പേപ്പർ ലോട്ടറിയെ ജിഎസ്‌ടി നിരക്ക്‌ വർധനയിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ കേരളം കേന്ദ്ര സർക്കാരിനോടും ജിഎസ്‌ടി കൗൺസിലിലും ആവശ്യപ്പെട്ടിരുന്നു. അത്‌ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. തിടുക്കത്തിലുള്ള നികുതി മാറ്റം കേരള ലോട്ടറിയുടെ ലോട്ടറിയുടെ അച്ചടിയിലും വിതരണത്തിലുമടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നും, അതിനാൽ തീരുമാനം നടപ്പാക്കുന്നതിൽ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങളിൽ അഭിപ്രായ രൂപീകരണത്തിന്‌ ലോട്ടറിയിലൂടെ ഉപജീവനമാർഗം നടത്തുന്ന വിൽപനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുമായി ധനമന്ത്രി ചർച്ച നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home