വളത്തിന്‌ ക്ഷാമം; 
വിപണിയിൽ തീ വില

FERTILIZER
വെബ് ഡെസ്ക്

Published on Jan 13, 2025, 03:37 AM | 1 min read

പാലക്കാട്‌: കർഷകർ പ്രധാനമായും ഉപയോഗിക്കുന്ന രാസവളങ്ങൾക്ക്‌ വിപണിയിൽ ക്ഷാമം. വിലയും കൂടി. നാട്ടിലിറങ്ങുന്ന വന്യജീവികളുടെ ആക്രമണവും കാലാവസ്ഥാ വെല്ലുവിളികളും തൊഴിലാളികൾ കുറഞ്ഞതും അതിജീവിച്ച്‌ കാർഷിക രംഗത്ത്‌ തുടരുന്ന കർഷകർക്ക്‌ ഇത്‌ വൻതിരിച്ചടിയായി. വിലക്കയറ്റത്തിനും ക്ഷാമത്തിനും പിന്നിൽ രാസവളനിർമാണ കമ്പനികളാണെന്ന്‌ വളം വിൽപ്പനക്കാർ പറയുന്നു.

വളത്തിലെ മുഖ്യചേരുവയായ ഫോസ്‌ഫോറിക്‌ ആസിഡിന്റെ ഇറക്കുമതി തീരുവ കൂട്ടിയതാണ്‌ വിലകൂടാൻ കാരണമെന്നാണ്‌ വളം നിർമാണ കമ്പനികളുടെ വാദം.


രണ്ടാംവിളയിൽ നെൽകൃഷി തുടങ്ങി കതിരണിഞ്ഞിട്ടും യൂറിയ കിട്ടാനില്ല. ഫാക്‌ടംഫോസിന്‌ 50 കിലോയുടെ ചാക്കിന്‌ 1225 രൂപയിൽനിന്ന്‌ 1300ആയി. മുൻനിര രാസവളനിർമാണ കമ്പനികളുടെ യൂറിയ, പൊട്ടാഷ്‌, ഡിഎപി എന്നിവയും കോംപ്ലക്‌സ്‌ വളങ്ങളും വ്യാപാരികൾക്ക്‌ നൽകണമെങ്കിൽ അവരുടെ ജൈവ, നാനോ, മൈക്രോ വളങ്ങൾ എടുക്കണമെന്നും നിർബന്ധിക്കുന്നു. ഇത്‌ കർഷകർക്ക്‌ വേണ്ടാത്തതിനാൽ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്‌.


കേന്ദ്രരാസവള മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറിയുടെയും സംസ്ഥാന കൃഷിവകുപ്പ്‌ ഡയറക്‌ടറുടെയും ഉത്തരവ്‌ അവഗണിച്ച്‌ കമ്പനികൾ വളങ്ങൾ കർഷകരുടെ മേൽ കെട്ടിവയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌. സീസൺ സമയത്ത്‌ അവശ്യവളം ലഭിച്ചില്ലെങ്കിൽ നെൽകൃഷി ഉൾപ്പെടെ പ്രതിസന്ധിയിലാകും.


സൂക്ഷ്‌മമൂലകങ്ങൾ ഉൾപ്പെടെയുള്ള വിവിധ വളങ്ങൾക്ക്‌ അഞ്ച്‌ മുതൽ പന്ത്രണ്ട്‌ ശതമാനംവരെയും മരുന്നുകൾക്ക്‌ പതിനെട്ട്‌ ശതമാനവുമാണ്‌ കേന്ദ്രം ജിഎസ്‌ടി ചുമത്തിയത്‌. വളം വ്യാപാരകേന്ദ്രങ്ങളിലെത്തിക്കുമ്പോൾ വില കൂടുന്നതിനാൽ നഷ്‌ടം സഹിച്ച്‌ എംആർപി നിരക്കിൽ നൽകാൻ വ്യാപാരകേന്ദ്രങ്ങളും തയ്യാറല്ല. ക്ഷാമം മുതലെടുത്ത്‌ തമിഴ്‌നാട്ടിൽനിന്ന്‌ കരിഞ്ചന്തയിലെത്തിക്കുന്ന വളങ്ങൾ വാങ്ങി താൽക്കാലിക ആശ്വാസം കണ്ടെത്തുകയാണ്‌ കർഷകർ.




deshabhimani section

Related News

View More
0 comments
Sort by

Home