വാരിക്കൽ സർക്കാർ പ്രൈമറി സ്കൂളിന് എന്നാളും വനിതാ ദിനം


എം സനോജ്
Published on Mar 08, 2025, 09:02 AM | 2 min read
നിലമ്പൂർ
2023 ആഗസ്റ്റിൽ പ്രധാനധ്യപകൻ രമേശൻ മാഷ് സ്ഥലമാറി പോയതോടെ പതിമൂന്ന് അമ്മമാരുടെ തണലിലാണ് കരുളായി വാരിക്കൽ ലോവർ പ്രൈമറി സർക്കാർ സ്കൂളിലെ 180 കുട്ടികൾ പഠിച്ചുവളരുന്നത്. അധ്യാപകരും ജീവനക്കാരും എല്ലാം ഇവിടെ സ്ത്രീകളാണ്.
10 അധ്യാപകരും മൂന്ന് ജീവനക്കാരും ഉൾപ്പെടെ എല്ലാവരും ഇപ്പോൾ വനിതകളാണ്. ഓരോ കുട്ടിക്കും ശ്രദ്ധ നൽകിക്കൊണ്ടാണ് അധ്യായനം മുന്നേറുന്നത്. കുട്ടികളെ ആൺ പെൺ എന്ന് വേർതിരിക്കുന്ന വിദ്യാലയങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. വാരിക്കൽ സ്കൂളിൽ പക്ഷെ കുട്ടികൾ മിക്സഡ് ആണ്. അധ്യാപനവും വിദ്യാലയ പ്രവർത്തനങ്ങളും മുഴുവൻ നിയന്ത്രിക്കുന്നത് വനിതകളാണ്.
നാലുവർഷം മുൻപ് സ്കൂളിലെ അവസാന അധ്യാപകനും വിരമിച്ചതോടെയാണ് വനിതകൾ മാത്രമുള്ള വിദ്യാലയമായി വാരിക്കൽ ജിഎൽപിഎസ് മാറിയത്. ജീവനക്കാരും അധ്യാപകരും മുഴുവൻ വനിതകളായ ഏക സർക്കാർ വിദ്യാലയമാണ് വാരിക്കൽ ജിഎൽപി സ്കൂൾ.
പ്രധാനാധ്യാപിക സിപി രാധമണി, അധ്യാപകരായ എ ലൈല, കെ ദിവ്യബാബു, ടി സുമയത്ത്, ശ്രുതി വി രവീന്ദ്രൻ, കെ വി അനുഷ, എ പി സബ്ന, പി ലിസ പ്രീപ്രൈമറി അധ്യാപിക മറിയം, കുക്ക് മേരിക്കുട്ടി, പാർട്ട് ടൈം സ്വീപ്പർ ടി എം കുട്ടിയമ്മ, ആയ ഖയറുന്നീസ, തസ്നിയ അബാക്സ് അധ്യാപിക എന്നിങ്ങനെ എന്നും വനിതാ അധ്യാപന ദിനങ്ങളാണ് വാരിക്കൽ സ്കൂളിന്.

മികവിന് സർക്കാർ വക ഒരു കോടി
പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ 180 കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്. 1998 ലാണ് വിദ്യാലയം സ്ഥാപിതമായത്. സ്ത്രീകൾക്ക് തനിച്ച് ഒരു വിദ്യാലയം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് നെറ്റി ചുളിച്ചവർ ഇല്ലായ്കയല്ല. ആശങ്ക പറയാതെ പറഞ്ഞവരും ഉണ്ടായി.
വാരിക്കൽ ലോവർ പ്രൈമറി സ്കൂൾ ഇപ്പോൾ അവർക്കെല്ലാം മാതൃകയാണ്. മികച്ച പ്രവർത്തനം കാഴ്ചവെച്ചാണ് അവർ മുന്നേറുന്നത്. പാഠ പാഠ്യേതര വിഷയങ്ങളിലെല്ലാം സ്കൂൾ മികവിൻറെ പാതയിലാണ്.
മികവുകളെ അംഗീകരിക്കാൻ സർക്കാരും കൂടെ നിന്നു. സ്കൂളിന് പിന്തുണയേകി മികവിൻറെ വിദ്യാലയമാക്കാൻ സംസ്ഥാന സർക്കാർ ഒരുകോടി രൂപയും അനുവദിച്ചു. കരുളായി പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിലെ വിദ്യാർഥികൾ അടക്കം ഇവിടെയാണ് പഠനം നടത്തുന്നത്. 50 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
യൂണിഫൈഡ് ഡിസ്ട്രിക്റ്റ് സിസ്റ്റം ഫോർ എഡ്യൂക്കേഷൻ കണക്കുകൾ പ്രകാരം രാജ്യത്ത് ഇപ്പോൾ 53.34 ശതമാനം സ്കൂൾ അധ്യപകരും വനിതകളാണ്. 2018 - 19 വർങ്ങളിൽ ഇത് 49.98 ആയിരുന്നു. സ്വകാര്യ മേഖലയിൽ ഇതിൽ 20 ശതമാനം വരെ വർധനവുണ്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ ഇപ്പോഴും വനിതകൾ 43 ശതമാനം വരെയാണ്.









0 comments