സാന്ദ്ര തോമസിനെതിരെ നിയമനടപടിയുമായി ഫെഫ്ക; നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് സാന്ദ്ര

sandra thomas
വെബ് ഡെസ്ക്

Published on Jun 03, 2025, 02:24 PM | 1 min read

കൊച്ചി : നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോൾമാർക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ സാന്ദ്രയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.


സിനിമ പ്രൊഡക്ഷൻ കൺട്രോളന്മാരെ അപമാനിച്ചുവെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കേസ്. ഇതിനു പിന്നാലെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും ഔദ്യോ​ഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു.


രണ്ട് മാസം മുമ്പ് സാന്ദ്ര തോമസ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോഴത്തെ കേസിന് ആധാരം. പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്തിക സിനിമ മേഖലയിൽ ആവശ്യമില്ലെന്നും പ്രൊഡക്ഷൻ കൺട്രോളിങ്ങല്ല അവർ ചെയ്യുന്നതെന്നുമായിരുന്നു സാന്ദ്രയുടെ പരാമർശം. അവരിപ്പോൾ ആർട്ടിസ്റ്റ് മാനേജേഴ്സ് ആണെന്നും ആ തസ്തികയുടെ പേര് മാറ്റി ആർട്ടിസ്റ്റ് മാനേജേഴ്സ് എന്നാക്കണമെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് ഇപ്പോൾ കേസ് നൽകിയിരിക്കുന്നത്.


പ്രൊഡക്ഷൻ കൺട്രോളർമാരെ അടച്ച് ആക്ഷേപിച്ച് ഓൺലൈൻ ചാനലിൽ ഇൻ്റർവ്യൂ കൊടുത്തതിനെതിരെ നിർമാതാവ് സാന്ദ്രാ തോമസിനെതിരെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ നിയമ നടപടികൾ ആരംഭിച്ചു എന്നു പറഞ്ഞുകൊണ്ട് ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ പ്രസിഡന്റ് എൻ എം ബാദുഷ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് പങ്കുവച്ചുകൊണ്ടാണ് സാന്ദ്ര മറുപടി പറഞ്ഞത്. നിലപാടിൽ ഉറച്ചു നിൽക്കുന്നു ! പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല, കേസിനെ നിയമപരമായി നേരിടും . വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല , കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും എന്നാണ് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home