ഒറ്റക്കേന്ദ്രത്തിലെ നുണവർഷം ഏറ്റുപിടിച്ച്‌ മാധ്യമങ്ങൾ

fake news
വെബ് ഡെസ്ക്

Published on Apr 27, 2025, 01:06 AM | 2 min read

തിരുവനന്തപുരം: സിഎംആർഎൽ –എക്സാലോജിക്‌ നിയമ ഇടപാടുമായി ബന്ധപ്പെട്ട്‌ ഒരേ കേന്ദ്രത്തിൽനിന്ന്‌ പടച്ചുവിടുന്ന വ്യാജവാർത്ത വായിച്ചുനോക്കാൻ പോലും മെനക്കെടാതെ പ്രചരിപ്പിച്ച്‌ ഏതാനും മാധ്യമങ്ങൾ. ഇവർക്ക്‌ നേരത്തേ പറഞ്ഞത്‌ വിഴുങ്ങുകയോ ആവർത്തിക്കാൻ കഴിയാതാകുകയോ പരസ്പര വിരുദ്ധമാവുകയോ ചെയ്യുന്ന സ്ഥിതിയാണ്‌.


മുഖ്യമന്ത്രിയേയും സിപിഐ എമ്മിനെയും പ്രതിസ്ഥാനത്താക്കുക എന്നതൊഴിച്ചാൽ വ്യാജപ്രചാരണം നടത്തുന്നതിൽ മാധ്യമങ്ങളും പ്രതിപക്ഷ, ബിജെപി നേതാക്കളും ആശയക്കുഴപ്പത്തിലാണ്‌. നേരത്തേ കൊണ്ടുവന്ന ആരോപണങ്ങൾ കോടതികൾതന്നെ തള്ളിയതോടെ പുതിയ വ്യാജ സൃഷ്ടിയിലാണവർ. ശനി രാവിലെ വാർത്താപരിപാടിയിലും പത്ര വാർത്തകളുടെ വാചകങ്ങൾ അതേപടി ചാനലുകൾ ആവർത്തിച്ചു.


സിഎംആർഎല്ലിന്‌ സേവനം നൽകിയിട്ടില്ലെന്ന്‌ ടി വീണ മൊഴിയിൽ സമ്മതിച്ചതായി എസ്‌എഫ്‌ഐഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിലുണ്ടെന്നാണ്‌ വാർത്ത. വാർത്ത നൽകിയ മാധ്യമങ്ങൾ കുറ്റപത്രം കണ്ടിട്ടില്ല. കോടതിയിൽ ഇത്‌ സംബന്ധിച്ച വാദപ്രതിവാദങ്ങളും നടന്നിട്ടില്ല. എന്നാൽ, പതിവായി വ്യാജവാർത്ത നൽകുന്ന കേന്ദ്രങ്ങൾ പുതിയത്‌ സൃഷ്ടിച്ചപ്പോൾ അതിന്റെ വാസ്തവമോ ആധികാരികതയോ തിരക്കിയുമില്ല. വാർത്ത വീണ നിഷേധിച്ചതോടെ പുതിയ വ്യാജവാർത്തയുടെയും കഥ കഴിഞ്ഞു.


ഹൈക്കോടതി നിർദേശംപോലും പാലിക്കാതെ തിടുക്കപ്പെട്ട്‌ കുറ്റപത്രം നൽകിയ എസ്‌എഫ്‌ഐഒ തുടർനടപടി കോടതി തടഞ്ഞിരിക്കുകയാണ്‌. രാഷ്‌ട്രീയ ദുരുദ്ദേശ്യം കൃത്യമായി ബോധ്യപ്പെടുന്ന നടപടികളാണ്‌ കേന്ദ്ര ഏജൻസിയുടേതെന്ന സൂചനയും കോടതി നൽകി. നികുതി അടച്ചില്ല, സിഎംആർഎല്ലിന്‌ വഴിവിട്ട്‌ സഹായം ചെയ്തു തുടങ്ങിയ ആരോപണങ്ങളെല്ലാം വിഴുങ്ങി. രാഷ്‌ട്രീയ അന്ധതമൂലം പുതിയ ആരോപണങ്ങൾ സൃഷ്ടിക്കുന്ന ഗതികേടിലാണ്‌ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും.


സേവനം നൽകാതെ പണം 
കൈപ്പറ്റിയെന്ന് മൊഴി നൽകിയിട്ടില്ല: വീണ


തിരുവനന്തപുരം: കരാറനുസരിച്ചുള്ള സേവനംനൽകാതെ സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയ്ക്ക് താൻ മൊഴി നൽകിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന്‌ ടി വീണ പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം വാർത്ത വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്‌. അന്വേഷണ ഉദ്യോഗസ്ഥന്‌ മൊഴി നൽകിയിട്ടുണ്ട്‌. എന്നാൽ, താനോ എക്സാലോജിക് സൊല്യൂഷൻസോ സേവനംനൽകാതെ സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയെന്നതരത്തിൽ മൊഴി നൽകിയിട്ടില്ലെന്നും വീണ പ്രസ്താവനയിൽ വ്യക്തമാക്കി.


വീണയുടെ മൊഴിയെന്നത്‌ അസത്യം: മന്ത്രി റിയാസ്


തിരുവനന്തപുരം: കരാറനുസരിച്ചുള്ള സേവനം നൽകാതെ സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയ്ക്ക് വീണ മൊഴി നൽകിയെന്ന വാർത്ത അസത്യമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നൽകിയ മൊഴി എന്താണോ, അത് ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. മറ്റെല്ലാം കോടതിയിൽ നിൽക്കുന്ന കാര്യമാണ്. പറയാത്ത കാര്യം പറഞ്ഞുവെന്ന്‌, ചിത്രം സഹിതം വാർത്ത നൽകുകയാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home