ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ വ്യാജ പ്രചാരണം; ഫേസ്ബുക്ക് പേജിനെതിരെ പരാതി നൽകി

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ വ്യാജ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പേജിനെതിരെ മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. “കലയന്താനി കാഴ്ചകൾ” എന്ന ഫെയ്സ്ബുക്ക് പേജിനെതിരെയാണ് പരാതി. ഒരു ദിവസത്തെ ഹൃദ്രോഗ ചികിത്സയ്ക്കായി മന്ത്രി വലിയ തുക അനധികൃതമായി കൈപ്പറ്റി എന്നായിരുന്നു വ്യാജ പ്രചാരണം.
ഹൃദ്രോഗത്തെത്തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിൽ മന്ത്രി ചികിത്സ തേടിയിരുന്നു. ചികിത്സയുടെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് പേജിലൂടെ വ്യാജ പ്രചാരണം നടത്തിയിരിക്കുന്നത്. എന്നാൽ പോസ്റ്റിലെ വിവരങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അങ്ങേയറ്റം മോശമായ മനസുകളുടെ ഗൂഢാലോചനയുടെ ഭാഗമായി സൃഷ്ടിച്ചതുമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് 2024 മെയ് 12-നാണ് മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി പരിശോധനകള്‍ നടത്തിയത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഡ്മിറ്റ് ആയി. തുടർപരിശോധനകളിലൂടെ ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തുകയും മെയ് 14-ന് പുലര്‍ച്ചെ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുകയും ചെയ്തു. പിന്നീട് മെയ് 17-ന് ഡിസ്ചാര്‍ജ്ജായി. ചികിത്സയ്ക്കായി മെഡിക്കൽ കൊളേജിൽ കെട്ടിവെച്ച തുകയുടെ റീ ഇംബേഴ്സ്മെൻ്റിനെ സംബന്ധിച്ചാണ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഈ പ്രചാരണം യുഡിഎഫ് – സംഘപരിവാർ അനുകൂല സോഷ്യൽമീഡിയാ ഹാൻഡിലുകൾ വഴിയും യൂട്യൂബ് ചാനലുകൾ വഴിയും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.
ആഞ്ജിയോപ്ലാസ്റ്റി നടത്താൻ എപിഎൽ വിഭാഗത്തിൽപ്പെട്ട, മെഡിക്കൽ കവറേജ് ഉള്ള ഒരാൾക്ക് സർക്കാർ ആശുപത്രിയിൽ ചാർജ്ജ് ചെയ്യുന്ന സാധാരണ തുക മാത്രമാണിത് (മെഡിക്കൽ കവറേജുള്ള ആളുകൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ സൗജന്യമല്ല). മേയ് 12ന് അഡ്മിറ്റ് ആകുകയും 17ന് ഡിസ്ചാർജ് ആകുകയും ചെയ്തതിനെയാണ് വെറും 24 മണിക്കൂർ ചികിത്സ എന്ന് പ്രചരിപ്പിക്കുന്നത്.
ഇതുവരെയും ഒരുതരത്തിലും അനധികൃതമായി ഒന്നും കൈപ്പറ്റുന്നതിനോ അഴിമതിയ്ക്കോ കൂട്ടുനിന്നിട്ടില്ല. ഈ വസ്തുത ആരോപണമുന്നയിക്കുന്നവർക്ക് തന്നെ അറിയാം. ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ അവർ ആനന്ദം കണ്ടെത്തുകയാണ്. ഒരുവർഷമായി പലരീതിയിൽ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാൽ സാധാരണക്കാർ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനാലാണ് നുണപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
ആരോപണങ്ങൾ ഉന്നയിക്കുന്നതും വിമർശിക്കുന്നതും അത് സൈബറിടങ്ങൾ വഴി പ്രചരിപ്പിക്കുന്നതുമെല്ലാം പുതിയകാല രാഷ്ട്രീയത്തിൻ്റെ വഴികളാണ്. എന്നാൽ അത്തരം കാര്യങ്ങളിൽ ഒരു സത്യസന്ധതയും മര്യാദയും പുലർത്തുക എന്നത് എല്ലാവരും പാലിക്കേണ്ട കാര്യമാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
"ഹൃദ്രോഗം പോലെ ഗൗരവതരമായ ഒരു സംഗതിയ്ക്ക്, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇതിൻ്റെ എത്രയോ ഇരട്ടി തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള അനുമതിയുണ്ടായിട്ടും, താരതമ്യേന ചെലവുകുറഞ്ഞ നമ്മുടെ പൊതു ആരോഗ്യസംവിധാനത്തെ ഉപയോഗപ്പെടുത്തിയതാണ് ഞാൻ ചെയ്ത കുറ്റമെന്നാണോ ഈ പ്രചാരണം നടത്തുന്നവർ പറയുന്നത്? ഹൃദ്രോഗത്തിന് നമ്മുടെ സർക്കാർ ആശുപത്രികളിൽ ഫലപ്രദമായ ചികിത്സയുണ്ടെന്നും അതിനെ സർക്കാരിൻ്റെ ഭാഗമായ ഞാനടക്കമുള്ളവർ വിശ്വസിച്ച് ആശ്രയിക്കുന്നുണ്ടെന്നുമുള്ള പോസിറ്റീവായ സംഗതിയല്ലേ അതിൽ ചർച്ച ചെയ്യേണ്ടത്? മെഡിക്കൽ കവറേജില്ലാത്ത സാധാരണക്കാർക്ക് സൗജന്യമായി ലഭിക്കുന്ന അതേ സൗകര്യം തന്നെയാണിതെന്നും ഓർക്കുക"- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.









0 comments