ഫേസ്‌ബുക്കിൽ പടമിട്ട്‌ 
പണി മേടിക്കല്ലേ

facebook scam
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Sep 11, 2025, 12:00 AM | 1 min read


കൊച്ചി

‘പുനർവിവാഹത്തിന്‌ യുവതി വരൻമാരെ തേടുന്നു’. ഫേസ്‌ബുക്കിൽ അടുത്തിടെ പ്രചരിച്ച പോസ്‌റ്റിലെ വാചകമാണിത്. യുവതിയുടെ ഫോട്ടോയുള്ള പോസ്‌റ്റിന്‌ താഴെ മണിക്കൂറുകൾക്കകം നിരവധി ലൈക്കുകളും കമന്റുകളുമെത്തി. എന്നാൽ, പോസ്‌റ്റിട്ടത്‌ ഫോട്ടോയിലുള്ള യുവതിയല്ലെന്ന സത്യം പിന്നീടാണ്‌ പുറത്തുവന്നത്‌. തന്റെ ഫോട്ടോ വച്ച്‌ പ്രചരിക്കുന്ന പോസ്‌റ്റ്‌ ശ്രദ്ധയിൽപ്പെട്ട യുവതി, പൊലീസിന്റെ സഹായം തേടി.


അന്വേഷണത്തിൽ പോസ്‌റ്റിട്ടത്‌ വടക്കൻ കേരളത്തിൽനിന്നുള്ള വീട്ടമ്മയാണെന്ന്‌ വ്യക്തമായി. ഫേസ്‌ബുക്കിൽനിന്ന്‌ വരുമാനം നേടാൻ യുവതിയുടെ ഫോട്ടോ ഉപയോഗിക്കുകയായിരുന്നുവെന്ന്‌ വീട്ടമ്മ പറഞ്ഞു. കൂടുതൽ ലൈക്കുകളും കമന്റുമായി "എന്‍ഗേജ്‌മെന്റ്‌' ഉണ്ടാക്കുന്ന ചിത്രങ്ങൾക്കും പോസ്‌റ്റുകൾക്കുമാണ്‌ ഫേസ്‌ബുക്കിൽനിന്ന്‌ വരുമാനം ലഭിക്കുക. മൊണിറ്റൈസേഷൻ സ്‌റ്റാറ്റസ്‌ ലഭിച്ച, പ്രൊഫഷണൽ മോഡിലേക്ക്‌ മാറ്റിയ പ്രൊഫൈലുകൾക്കാണ്‌ ഫേസ്‌ബുക്ക്‌ ഇത്തരത്തിൽ പണം നൽകുന്നത്. ഇത്‌ നേടുന്നതിനായാണ്‌ വീട്ടമ്മ തനിക്ക്‌ പരിചയമില്ലാത്ത യുവതിയുടെ ചിത്രം നൽകി വ്യാജ പോസ്‌റ്റുണ്ടാക്കിയത്‌. മറ്റുള്ളവരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ ഉപയോഗിച്ച്‌ പോസ്‌റ്റുണ്ടാക്കുന്നത്‌ ഗുരുതര കുറ്റമാണെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.


യഥാർഥ സ്‌ത്രീകളാണെന്ന്‌ തോന്നിക്കുന്ന തരത്തിൽ, നിർമിത ബുദ്ധി ഉപയോഗിച്ച്‌ നിർമിച്ച ചിത്രങ്ങളുള്ള വ്യാജ പോസ്‌റ്റുകളും സമൂഹമാധ്യമങ്ങളിൽ വർധിച്ചിട്ടുണ്ട്‌. യുവതികൾ സ‍ൗഹൃദം ക്ഷണിക്കുന്നുവെന്ന രീതിയിലടക്കമുള്ള പോസ്‌റ്റുകൾ ധാരാളം വരുന്നുണ്ട്‌. വ്യക്തിവിവരങ്ങൾ ചോർത്താനും പണം തട്ടാനുമുള്ള മാർഗമായും സൈബർ തട്ടിപ്പുകാർ ഇത്തരം പോസ്‌റ്റുകളെ ഉപയോഗിക്കാറുണ്ട്‌. ഭാവിയിൽ ആസൂത്രണം ചെയ്യുന്ന സൈബർ തട്ടിപ്പുകളിൽ വീഴാൻ സാധ്യതയുള്ള ഇരകളെ കണ്ടെത്താനും തട്ടിപ്പുകാര്‍ ഇ‍ൗ മാർഗം ഉപയോഗിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രതപുലർത്തണമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home