അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും 
രാജ്യത്ത്‌ ഇന്ധനവില കുറച്ചില്ല

ഇന്ധന തീരുവയിൽ 
കേന്ദ്രത്തിന്റെ ഇരട്ടച്ചതി ; ചുമത്തിയത് സംസ്ഥാനത്തിന് വിഹിതമില്ലാത്ത പ്രത്യേക അധിക തീരുവ

excise duty on petrol and diesel
വെബ് ഡെസ്ക്

Published on Apr 09, 2025, 02:18 AM | 2 min read


കൊച്ചി : അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാതെ, സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിച്ചതുവഴി കേന്ദ്രസർക്കാർ ജനങ്ങളോടും കേരളത്തോടും കാണിച്ചത് ഇരട്ടച്ചതി. എണ്ണവില ലോകവിപണിയിൽ കുറഞ്ഞിട്ടും ഇവിടെ ഇന്ധനവില കുറച്ചില്ല. സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭിക്കുന്ന അടിസ്ഥാന എക്സൈസ് തീരുവയ്ക്കുപകരം വിഹിതം സംസ്ഥാനവുമായി പങ്കുവയ്ക്കേണ്ടാത്ത സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിച്ചു.


പെട്രോളിനും ഡീസലിനും രണ്ട്‌ രൂപവീതമാണ് സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ കൂട്ടിയത്.


ഇന്ധനത്തിന്‌ ലിറ്ററിന്‌ അടിസ്ഥാനവിലയുടെ 40 ശതമാനമാണ് കേന്ദ്രം നികുതി ഈടാക്കുന്നത്. 54.84 രൂപ അടിസ്ഥാനവിലയുള്ള ഒരു ലിറ്റർ പെട്രോൾ വാങ്ങുമ്പോൾ ഉപയോക്താവ് 21.90 രൂപ നികുതി നൽകണം. ഇത് അടിസ്ഥാന എക്സൈസ് തീരുവയും (1.40 രൂപ) സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയും (13 രൂപ) കേന്ദ്ര സെസുകളും (7.50 രൂപ) കൂടിയതാണ്. സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കുവയ്ക്കേണ്ടത്അടിസ്ഥാന എക്സൈസ് തീരുവയായ 1.40 രൂപയുടെ 41 ശതമാനംമാത്രം. ലിറ്ററിന്‌ 57 പൈസ. എല്ലാ സംസ്ഥാനങ്ങൾക്കുമായി ഇത് ജനസംഖ്യാനുപാതത്തിൽ വീതംവയ്ക്കുന്നതിനാൽ കേരളത്തിന് ലഭിക്കുക ഒരു പൈസയാണ്. അത്‌ വർധിപ്പിച്ചിട്ടില്ല. 1.40 രൂപയുടെ ബാക്കിയുള്ള 59 ശതമാനമായ 83 പൈസകൂടി സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയ്ക്കൊപ്പം കേന്ദ്രം പിടിച്ചെടുക്കുകയാണ്‌. സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവ വർധിപ്പിക്കുകയും ചെയ്തു.


കോവിഡ് കാലത്ത് എണ്ണവില 19 ഡോളറിലേക്ക് താഴ്ന്നപ്പോഴും ഇന്ധനവില കുറയ്ക്കാതെ നികുതി അടിച്ചേൽപ്പിച്ചു. 2.25 ലക്ഷം കോടി രൂപ അധികവരുമാനം ലക്ഷ്യമിട്ട് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും അന്ന് തീരുവ കൂട്ടി. ഒന്നാം മോദിസർക്കാർ 11 തവണയാണ്‌ തീരുവ കൂട്ടിയത്‌. രണ്ടാം മോദിസർക്കാർ തോന്നുംപോലെ തീരുവ കൂട്ടാൻ ധന നിയമത്തിൽ ഭേദ​ഗതി കൊണ്ടുവന്നു.


എണ്ണവില ബാരലിന്‌ 63 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ, തീരുവ ഉയർത്തിയതിനാൽ പെട്രോളിന് ഇപ്പോൾ ലിറ്ററിന്‌ 105.49 രൂപ നൽകണം.


ഇന്നും നാളെയും മഹിളാ പ്രതിരോധം

പാചകവാതക വില വർധനയ്‌ക്കെതിരെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിക്കും. വിലവർധനയിലൂടെ സാധാരണ ജനങ്ങളുടെ വയറ്റത്തടിക്കുകയാണ്‌ കേന്ദ്രസർക്കാരെന്ന്‌ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും ഇവിടെ എണ്ണവില കുറയ്‌ക്കുന്നില്ല. എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്നാണ്‌ കേന്ദ്ര സർക്കാറിന്റെ ന്യായീകരണം.


ഗ്യാസ് സിലണ്ടർ സബ്സിഡി കാലങ്ങളായി ലഭിക്കുന്നില്ല. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ കുടുംബബജറ്റ് താളംതെറ്റിച്ച്‌ കോർപ്പറേറ്റ്‌ കൊള്ളയ്‌ക്ക്‌ കൂട്ടുനിൽക്കുകയാണ് കേന്ദ്രസർക്കാരെന്ന്‌- സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടിയും സെക്രട്ടറി സി എസ്‌ സുജാതയും പ്രസ്‌താവനയിൽ പറഞ്ഞു.


ഇന്ധന വിലവർധനയിൽ 
പ്രതിഷേധിക്കുക: സിഐടിയു

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും, പാചക വാതകത്തിന്‌ 50 രൂപ വർധിപ്പിച്ച കേന്ദ്രനടപടിയിൽ പ്രതിഷേധിക്കണമെന്ന്‌ സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.


തീരുവ വർധന ചില്ലറവിലയിൽ പ്രതിഫലിക്കില്ലെന്ന കേന്ദ്രവാദം പൊള്ളയാണ്. അസംസ്കൃത എണ്ണവില ബാരലിന് 63 ഡോളറായി കുറഞ്ഞിട്ടും നേട്ടം ജനങ്ങൾക്ക് നൽകാതെ തീരുവ വർധിപ്പിക്കുകയായിരുന്നു. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുമ്പോഴാണ് ഗാർഹിക സിലിണ്ടറിന് 50 രൂപയും പെട്രോൾ-, ഡീസൽ തീരുവ രണ്ട് രൂപ വീതവും വർധിപ്പിച്ചത്. ഇത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കും. അന്യായമായ പാചകവാതക വില വർധനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ തൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അഭ്യർഥിച്ചു.


കർഷകത്തൊഴിലാളികൾ 
അടുപ്പുകൂട്ടി പ്രതിഷേധിക്കും

ഇന്ധന-– പാചകവാതകവില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെഎസ്‌കെടിയു വനിതാ സബ്‌കമ്മിറ്റി നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വില്ലേജുതലത്തിൽ അടുപ്പുകൂട്ടി പ്രതിഷേധിക്കും.


അന്താരാഷ്ട്ര വിപണയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. നിലവിലെ വിലയിൽനിന്നും ഏറെ കുറച്ച് ഇവ വിതരണം ചെയ്യാവുന്നതാണ്‌ സാഹചര്യം. അതിനാൽ ഈ വിലവർധനവ്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എണ്ണക്കമ്പനികൾക്കു മുമ്പിൽ മുട്ടിലിഴയുന്നതിന്റെ ഭാഗമായാണ് ക്രൂഡോയിൽ വില കുറഞ്ഞിട്ടും രണ്ടുരൂപ വീതം തീരുവ വർധിപ്പിച്ചത്‌–- കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും സെക്രട്ടറി എൻ ചന്ദ്രനും പ്രസ്‌താവനയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home