ബോധപൂർവം മോശക്കാരിയാക്കാൻ ശ്രമം ; പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമെന്ന് വീണ

കൊച്ചി
മുഖ്യമന്ത്രിയുടെ മകളായതിനാൽ ബോധപൂർവം കേസിൽപ്പെടുത്തി മോശക്കാരിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എക്‌സാലോജിക് കമ്പനി ഉടമ ടി വീണ ഹെെക്കോടതിയിൽ സത്യവാങ്മൂലം നൽകി. രാഷ്‌ട്രീയലക്ഷ്യമാണ് ഇതിനുപിന്നിൽ. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഹർജിയിലുള്ളതെന്നും അറിയിച്ചു. സിഎംആർഎൽ-–എക്‌സാലോജിക് കരാറിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിലാണ് വീണയുടെ എതിർസത്യവാങ്മൂലം.
എക്സാലോജിക് ബിനാമി കമ്പനിയല്ല. എല്ലാ പണമിടപാടുകളും അക്കൗണ്ട് വഴി സുതാര്യമായാണ് നടന്നത്. ആക്ഷേപങ്ങളിൽ എസ്എഫ്ഐഒയ്ക്ക് മറുപടി നൽകിയതാണ്. അതിനാൽ മറ്റൊരു ഏജൻസി കേസ് അന്വേഷിക്കേണ്ടതില്ല.
വനിതാ പ്രൊഫഷണലുകളെ ഇടിച്ചുതാഴ്ത്താനാണ് ആക്ഷേപമെന്നും രാഷ്ട്രീയവൈരാഗ്യം തീർക്കാനുള്ളതല്ല പൊതുതാൽപ്പര്യ ഹർജിയെന്നും വീണ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആരോപണങ്ങൾ നിഷേധിച്ച് സത്യവാങ്മൂലം നൽകിയിരുന്നു.









0 comments