തിരുവോണനാളിലും മുടക്കമില്ലാതെ ഡിവൈഎഫ്ഐ ഹൃദയപൂർവ്വം

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ ഒരുക്കിയ തിരുവോണസദ്യ സിപിഐഎം ജനറൽസെക്രട്ടറി എം എ ബേബി വിളമ്പുന്നു- ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
തിരുവനന്തപുരം: തിരുവോണ ദിനത്തിലും മുടക്കമില്ലാതെ വയറെരിയുന്നവരെ ചേർത്ത് പിടിച്ച് ഡിവൈഎഫ്ഐ. ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ആഘോഷനാളിലും ഡിവൈഎഫ്ഐ മുടക്കിയില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ ഒരുക്കിയ തിരുവോണസദ്യ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭക്ഷണ പൊതി വിതരണം സംസ്ഥാന സെക്രട്ടറി വി കെ സനോജുമാണ് ഉദ്ഘാടനം ചെയ്തത്.
ഡിവൈഎഫ്ഐ ഫറോക്ക് ബ്ലോക്കിലെ മണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതിച്ചോറും പായസ വിതരണവും നടത്തിയത്. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്, ജില്ലാ ട്രഷറർ കെ അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സന്ദേശ്, എൽ യു അഭിധ് എന്നിവർ പങ്കെടുത്തു. കണ്ണൂർ മേഖലാ സെക്രട്ടറി വിപിൻലാൽ, പ്രസിഡന്റ് ഷിബിൻ ബ്ലോക്ക് ജോ. സെക്രട്ടറി അജയ് എൻ,മേഖല കമ്മിറ്റി മെമ്പർമാർ, യൂണിറ്റ് കമ്മിറ്റി മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.










0 comments