പ്രസിഡന്റ് തെറ്റിദ്ധരിപ്പിക്കുന്നു: എഥനോൾ നിർമാണഫാക്ടറി എലപ്പുള്ളി പഞ്ചായത്തിന്റെ അറിവോടെ

വേണു കെ ആലത്തൂർ
Published on Jan 26, 2025, 04:55 AM | 1 min read
പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയോടുചേർന്ന് സ്വകാര്യ എഥനോൾ നിർമാണ ഫാക്ടറി സ്ഥാപിക്കുന്നത് എലപ്പുള്ളി പഞ്ചായത്ത് അധികൃതരെ അറിയിച്ചില്ലെന്ന പ്രസിഡന്റിന്റെ വാദം നുണ. വിവരം എലപ്പുള്ളി പഞ്ചായത്തിനെ അറിയിക്കുകയും ഓൺലൈൻ യോഗത്തിൽ പഞ്ചായത്ത് പ്രതിനിധി പങ്കെടുക്കുകയും ചെയ്‌തു.
കഴിഞ്ഞ വർഷം ഫെബ്രുവരി 14നാണ് കെഎസ്‌ഐഡിസി (കേരള സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ)യുടെ കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഏകജാലക സംവിധാനംവഴി വേങ്ങോടിയിൽ നിർമിക്കുന്ന ഒയാസിസ് എഥനോൾ ഫാക്ടറിക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് 26ന് രാവിലെ 10.30ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് കാണിച്ചാണ് കത്തയച്ചത്. അന്ന് സെക്രട്ടറിക്ക് മറ്റൊരുയോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അസി. സെക്രട്ടറി സ്‌മിതയെ ചുമതലപ്പെടുത്തി.
ഇവർ യോഗത്തിൽ പങ്കെടുത്ത്, വിവരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവിനെ അറിയിച്ചു. ഫാക്ടറിക്കായി സ്ഥലം ഏറ്റെടുക്കുന്നത് പ്രസിഡന്റിന് അറിയാമെന്ന് മറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഫാക്ടറിക്ക് അനുമതി നൽകി 16നാണ് സർക്കാർ ഉത്തരവിറക്കിയത്. കർണാടക സ്പിരിറ്റ് ലോബിയുടെ സമ്മർദത്തിനുവഴങ്ങി എഥനോൾ ഫാക്ടറിക്കെതിരെ കോൺഗ്രസ് സമരം പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫ് ഭരണസമിതിയും പ്രസിഡന്റും മലക്കംമറിഞ്ഞത്.
സർക്കാർ ഉത്തരവ് വന്നതിനുപിറ്റേന്ന് വാർത്താചാനലുകാരെ വിളിച്ച് പ്രസിഡന്റ് സ്ഥലം കാണിച്ചുകൊടുത്തു. എല്ലാം അറിഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രസിഡന്റും ഭരണമിതിയും. ഫാക്ടറിക്ക് അനുമതി നൽകിയ കത്തിൽ ഒരിടത്തും ഭൂഗർഭജലം ഉപയോഗിക്കുമെന്ന് പറഞ്ഞിട്ടില്ല. വസ്‌തുതകൾ ജനങ്ങളിൽനിന്ന് മറച്ചുവയ്‌ക്കാനാണ് പഞ്ചായത്ത് ഭരണസമിതിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.









0 comments