എഥനോൾ പ്ലാന്റ്: സതീശന്റെ 'രഹസ്യരേഖ' മന്ത്രിസഭാ യോഗത്തിന്റേത്; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി എഥനോൾ പ്ലാന്റിനെതിരായ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ എല്ലാം കള്ളമെന്ന് തെളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രഹസ്യരേഖയെന്ന് പറഞ്ഞ് പുറത്തുവിട്ടത് 16 ദിവസം മുമ്പ് മന്ത്രിസഭാ യോഗം പുറത്ത് വിട്ട രേഖയാണ്. എല്ലാവര്‍ക്കും അറിയാവുന്ന പോലെ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. അതാണ് വലിയ രസഹ്യരേഖ എന്ന പോലെ പ്രതിപക്ഷം പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒറ്റ കമ്പനി മാത്രം എങ്ങനെ ഇതറിഞ്ഞു എന്നതാണ് വി ഡി സതീശനും ചെന്നിത്തലയും പറയുന്നത്. 2022– 23 ലെ മദ്യനയത്തിലെ ആമുഖത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഇവർ പച്ചക്കള്ളം പറയുന്നത്. എന്താണ് സർക്കാർ മറച്ചു വിട്ടിട്ടുള്ളത്. എന്ത് രഹസ്യാത്മകതയാണ് ഇതിനുള്ളത്. അന്ന് പ്രതിപക്ഷം ഇറക്കിയ പ്രസ്താവനയുണ്ട്. പിന്നെ എങ്ങനെയാണ് ആരും അറിഞ്ഞില്ല എന്ന് പറയുക, സത്യസന്ധതയില്ലാതെയാണ് ഇവർ കാര്യങ്ങൾ പറയുന്നത്. സ്പിരിറ്റ് നിർമ്മാണശാലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. അപവാദം സംസ്ഥാനത്ത് എല്ലാവരും അറിയണം, മറുപടി ആരും അറിയരുത് എന്നതാണ് ചില മാധ്യമങ്ങളുടെ രീതി. ചില മാധ്യമങ്ങളുടെ സമീപനം ദൗർഭാഗ്യകമാണെന്നും മന്ത്രി പറഞ്ഞു.
2023 നവംബർ 30നാണു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ ലഭിച്ചത്. 10 ഘട്ട പരിശോധന നടത്തിയാണ് മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയത്. ഒരു ഘട്ടവും മറികടന്നിട്ടില്ല. മന്ത്രിക്ക് മുന്നിൽ ഫയൽ വന്നപ്പോൾ ജലം സംബന്ധിച്ചുള്ള കാര്യത്തിൽ പരിശോധന നടത്തി. അതിനു ശേഷം ആണ് അനുമതി നൽകിയത്. ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ല എന്നുള്ളത് ആവർത്തിക്കുന്നു. അതിൻ്റെ ആവശ്യം ഇല്ല. 81.5 ദശലക്ഷം വെള്ളമാണ് പ്രതിവർഷം ആവശ്യമുള്ളത്. സംഭരിച്ചതിൻ്റെ 13.16 ശതമാനം വെള്ളം മാത്രമാണ് കുടി വെള്ളമായി പ്രതിവർഷം വേണ്ടി വരുന്നത്. കഴിഞ്ഞ 10 വർഷമായി ജലക്ഷാമം കാരണം മലമ്പുഴ ഡാം പ്രതിസന്ധിയിൽ ആയിട്ടില്ല, പാലക്കാട് നഗരത്തിന് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളത്തിൻറെ 1.1 ശതമാനം മാത്രമാണ് പ്ലാന്റിന് വേണ്ടി വരിക.
അഞ്ച് ദശലക്ഷമാണ് പ്ലാന്റിന് വേണ്ടി വരിക. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കിൻഫ്രയ്ക്ക് 10 ദശലക്ഷം ലിറ്റർ വെള്ളം നൽകാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അന്ന് ആ തീരുമാനം എടുത്തത്. അഹല്യ ക്യാമ്പസിൽ 24 കോടി ലിറ്റർ വെള്ളം മഴവെള്ള സംഭരണിയിലൂടെ സംഭരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് അതിരുണ്ട്. സത്യം എക്കാലത്തും മൂടി വയ്ക്കാൻ സാധിക്കില്ല. ഫെബ്രുവരി 17ന് മഴവെള്ള സംഭരണി സന്ദർശിക്കാൻ മാധ്യമങ്ങളെ ക്ഷണിക്കുന്നു. ചിറ്റൂരിലും എലപ്പുള്ളിയിലും മഴവെള്ള സംഭരണം നടക്കുമോ എന്നുള്ളത് അവിടെ എത്തി പരിശോധിക്കാം, ആർക്ക് വേണമെങ്കിലും വരാം. പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കുന്നു. മഹാരാഷ്ട്ര കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി സ്പിരിറ്റ് കേരളത്തിലേക്ക് എത്തുന്നത്. 4200 കോടിയാണ് ഇതിനായി ചെലവാക്കുന്നത്. 210 കോടി ജിഎസ്ടി ഇനത്തിൽ മാത്രം സംസ്ഥാനത്തുണ്ടാകുന്നു. കേരളത്തിന് പുറത്തുള്ള സ്പിരിറ്റ് നിർമ്മാണ കമ്പനികളുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തിയിട്ടുണ്ടോ എന്നത് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.









0 comments