ചാർജിങ് സ്‌റ്റേഷൻ അപകടം ; കുട്ടിയുടെ മരണത്തിനിടയാക്കിയത് അശ്രദ്ധ

ഈരാറ്റുപേട്ട
അമ്മയുടെ മടിയിലിരുന്ന നാലുവയസുകാരൻ അയാൻസ്‌നാഥ് വാഗമണ്ണിലെ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനിൽ കാർ ഇടിച്ച് മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർടിഒയ്ക്ക് റിപ്പോർട്ട് നൽകി. കുട്ടിയുടെ മരണത്തിനിടയാക്കിയത് ബ്രേക്കിനു പകരം ആക്‌സിലറേറ്റർ ചവിട്ടിയതാണെന്നാണ് അപകടസ്ഥലം പരിശോധിച്ച സംഘം റിപ്പോർട്ട് നൽകിയത്.
ചാർജിങ് സ്റ്റേഷനിലേക്ക് കയറുന്നിടത്ത് ചെറിയ കയറ്റമുണ്ട്. കാർ ഓടിച്ചത് കരുനാഗപ്പള്ളി സ്വദേശിയായ അഭിഭാഷകൻ ജയകൃഷ്ണനാണ്. ചാർജിങ് സ്റ്റേഷനിലേക്ക് കയറുന്നിടത്ത് പാകിയ മിനുസമുള്ള തറയോടിൽ കാറിന്റെ ടയർ തെന്നിയത് ആക്‌സിലറേറ്റർ കൊടുക്കാൻ കാരണമായിട്ടുണ്ടാകാമെന്ന് ഉദ്യേഗസ്ഥർ പറഞ്ഞു. അമ്മയെയും കുഞ്ഞിനെയും ഇടിച്ച ശേഷം ബ്രേക്കെന്ന് കരുതി വീണ്ടും ചവിട്ടിയത് ആക്‌സിലറേറ്ററിൽ തന്നെയാകാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. എംവിഐ ബി ആശാകുമാർ, എഎംവിഐ ജോർജ് വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ജയകൃഷ്ണനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തി.
വേണം ജാഗ്രത
പരിചയക്കുറവും ശ്രദ്ധക്കുറവുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. വൈദ്യുതി ചാർജിങ് സ്‌റ്റേഷനിലേക്ക് വാഹനം ചാർജ് ചെയ്യാൻ എത്തുന്നവർ എല്ലാ ജാഗ്രതയും പാലിക്കണം.
കെഎസ്‌ബിയുടെ ചാർജിങ് സ്‌റ്റേഷനുകൾ കൂടാതെ സ്വകാര്യ സ്‌റ്റേഷനുകളും നിലവിലുണ്ട്. സ്വകാര്യ സ്‌റ്റേഷനിൽ കൂടുതലും ഇരിപ്പിട സൗകര്യമില്ലാത്തവയാണ്.
നാലു മുതൽ ആറുവരെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് മിക്ക സ്‌റ്റേഷനിലും ഒരുക്കിട്ടുള്ളത്. അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർവരെയാണ് വാഹനം ഫുൾ ചാർജ് ആകാൻ എടുക്കുന്ന സമയം. ഈ സമയം ചാർജിങ് പോയിന്റുകൾക്ക് സമീപം ഇരിക്കാനോ നിൽക്കാനോ പാടില്ല. സ്‌റ്റേഷനുകളിൽ സ്ഥലം കുറവായതിനാൽ ചാർജ് ചെയ്യാൻ ഇടുമ്പോൾ മറ്റ് വാഹനങ്ങൾക്കും ആളുകൾക്കും അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ചാർജിങ് സ്‌റ്റേഷനിലേക്ക് കയറുമ്പോൾ വാഹനം റേസ് ചെയ്യുന്നത് ഒഴിവാക്കണം. വേഗതയും കുറയ്‌ക്കണം.









0 comments