print edition ഫോം പൂരിപ്പിക്കാൻ വൈകുന്നത്‌ വെല്ലുവിളി ; ബിഎൽഒമാർ പറയുന്നു

Election roll
വെബ് ഡെസ്ക്

Published on Nov 08, 2025, 01:56 AM | 2 min read


തിരുവനന്തപുരം

വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി എന്യൂമറേഷൻ ഫോം വിതരണം പുരോഗമിക്കുന്പോൾ ഫോമുമായി വീടുകയറുന്ന ബിഎൽഒമാർ നേരിടുന്നത്‌ നിരവധി പ്രതിസന്ധികൾ. പല വീടുകളിലും പകൽ ആളില്ലാത്തതാണ്‌ പ്രധാന പ്രശ്നം. പൂരിപ്പിക്കാൻ കൂടുതൽ സമയം എടുക്കുന്നതും രണ്ട്‌ വോട്ടർ പട്ടികയും ഒരുമിച്ച്‌ വന്നതുകൊണ്ടുള്ള ആശയക്കുഴപ്പവും വെല്ലുവിളിയാണ്‌.


തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയും കേന്ദ്ര ഇലക്ഷൻ കമീഷൻ തയ്യാറാക്കുന്ന പട്ടികയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്താൻ ബിഎൽഒമാർക്ക്‌ പ്രത്യേകം സമയം കണ്ടെത്തേണ്ടിവരുന്നു. ‘വീടുകയറുമ്പോൾ എന്യൂമറേഷൻ ഫോം അവർക്കൊപ്പംനിന്ന്‌ പൂരിപ്പിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നാൽ രേഖകൾ എടുത്തുവയ്ക്കാത്തതുകാരണം കൂടുതൽ സമയമെടുക്കുകയാണ്‌. അതിനാൽ ഫോം കൊടുത്തതിനുശേഷം പിന്നീട്‌ പോയി വാങ്ങുകയാണ്‌ ചെയ്യുന്നത്’ നാദാപുരം നിയോജകമണ്ഡലത്തിൽനിന്നുള്ള ഒരു ബിഎൽഒ പറഞ്ഞു.


വോട്ടർമാർ ആവശ്യമായ രേഖകൾ എടുത്തുവയ്ക്കണമെന്നതാണ്‌ ബിഎൽഒമാരുടെ അഭ്യർഥന. രേഖകൾ കണ്ടെത്തി വിവരം പൂരിപ്പിക്കുമ്പോഴേക്കും സമയം നഷ്ടമാകുന്നു. ഫോം നൽകി പോയശേഷം മറ്റൊരു ദിവസം ശേഖരിക്കുന്നതിനാൽ നടപടികൾ വൈകുന്നത്‌ ജോലിഭാരം വർധിപ്പിക്കുന്നതായും പരാതിയുണ്ട്‌.


ഇരട്ടവോട്ട്‌ എഐ വഴി കണ്ടെത്തുമെന്ന്‌

വോട്ടർ പട്ടിക പുനഃപരിശോധനയിൽ ഇരട്ടവോട്ട്‌ കണ്ടെത്താൻ എഐ സംവിധാനം ഉപയോഗിക്കുമെന്ന്‌ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ. കരട്‌ വോട്ടർ പട്ടിക പ്രാബല്യത്തിലാകുമ്പോഴാണ്‌ എഐ ഉപയോഗിക്കുക.


ഫോട്ടോ സിമിലർ എൻട്രി, ഡെമോഗ്രഫിക്കൽ സിമിലർ എൻട്രി എന്നിവവഴി വ്യാജ വോട്ട്‌ കണ്ടെത്താൻ സംവിധാനമുണ്ട്‌. ഒന്നിലധികം സ്ഥലങ്ങളിൽ ഫോം പൂരിപ്പിച്ചുനൽകിയിട്ടില്ലെന്ന്‌ വോട്ടർമാർ സത്യവാങ്മൂലം നൽകണം. ഇത്‌ തെറ്റാണെന്ന്‌ വെരിഫിക്കേഷൻ സമയത്ത്‌ കണ്ടെത്തിയാൽ നടപടിയുണ്ടാകും. ഡിസംബർ ഒമ്പതിന്‌ കരട്‌ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷം രാഷ്ട്രീയ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താമെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ വ്യക്തമാക്കി.


രാഷ്ട്രീയ 
പാർടികളുടെ 
യോഗം ഇന്ന്‌

സംസ്ഥാനത്ത്‌ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന നടപ്പാക്കുന്നതിന്റെ ഭാഗമായി വീണ്ടും രാഷ്ട്രീയ പാർടികളുടെ യോഗം വിളിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ. തിരുവനന്തപുരം താജ്‌ വിവാന്ത ഹോട്ടലിൽ ശനി പകൽ 11ന്‌ ചേരുന്ന യോഗത്തിൽ അംഗീകൃത ദേശീയ, സംസ്ഥാന പാർടികളുടെ പ്രതിനിധികൾ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിടുക്കപ്പെട്ട്‌ പരിശോധന നടത്തരുതെന്ന്‌ ബിജെപി ഒഴികെയുള്ള പാർടികൾ പറയുന്നുണ്ട്‌. കേന്ദ്രസർക്കാർ കുറുക്കുവഴിയിലൂടെ പ‍ൗരത്വ ഭേദഗതി നടപ്പാക്കുകയാണെന്ന്‌ സിപിഐ എം, സിപിഐ, കോൺഗ്രസ്‌ പാർടികളുടെ നിലപാട്‌.


എന്യൂമറേഷൻ ഫോം വിതരണം മന്ദഗതിയിലാണ്‌. വ്യാഴം രാത്രി എട്ടുവരെ 6.96 ശതമാനം പേർക്ക്‌ മാത്രമാണ്‌ വിതരണം ചെയ്തത്‌. ബിഎൽഒമാർ വീടുകയറുമ്പോൾ പാർടികളുടെ ബൂത്ത്‌ ലെവൽ ഏജന്റുമാർ കൂടെവേണമെന്നാണ്‌ നിർദേശം. ഇക്കാര്യവും യോഗത്തിൽ സൂചിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home