print edition സംശയങ്ങൾ അനവധി, തീർക്കാൻ വഴിയില്ല ; എന്യൂമറേഷൻ ഫോമിൽ വ്യക്തതക്കുറവ്

തിരുവനന്തപുരം
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമിൽ ആശങ്ക ഒഴിയുന്നില്ല. കൃത്യമായി പൂരിപ്പിക്കാൻ വേണ്ടത്ര സഹായം ലഭിക്കാത്തതിനാൽ പട്ടികയിൽനിന്ന് പുറത്താകുമോ പൗരത്വം നഷ്ടപ്പെടുമോ എന്നൊക്കയുള്ള ആശങ്കയിലാണ് വോട്ടർമാർ. ഇത് പരിഹരിക്കാനുള്ള നടപടി തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിക്കുന്നുമില്ല. ഫോം വിതരണംചെയ്‌ത് ഒമ്പത് ദിവസമായപ്പോഴുള്ള സ്ഥിതിയാണിത്. വീടുകളിലെത്തുന്ന ബിഎൽഒ സംശയം ദൂരീകരിക്കുമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം. എന്നാൽ തുടക്കത്തിലേ ഇത് പാളിയെന്ന് രാഷ്ട്രീയപാർടികളുടെ യോഗത്തിൽ വ്യക്തമായി.
ആദ്യഭാഗം പൂരിപ്പിക്കൽ കടമ്പ
വോട്ടറുടെ പേര്, വോട്ടർ ഐഡന്റിറ്റി കാർഡ് നമ്പർ, വിലാസം, സീരിയൽ നമ്പർ, പാർട് നമ്പറും പേരും, നിയമസഭാ മണ്ഡലം നമ്പർ, സംസ്ഥാനം, ഇത്രയും വിവരങ്ങളടങ്ങിയ ക്യുആർ കോഡ് എന്നിവ ഉൾപ്പെട്ടതാണ് എന്യൂമറേഷൻ ഫോം. ഫോമിന്റെ ആദ്യഭാഗത്ത് ഒമ്പത് വിവരങ്ങൾ പൂരിപ്പിക്കണം. ജനന തീയതി, ആധാർ നമ്പർ (നിർബന്ധമില്ല), മൊബൈൽ നമ്പർ, പിതാവിന്റെ / രക്ഷിതാവിന്റെ പേര്, പിതാവിന്റെ / രക്ഷിതാവിന്റെ എപിക് നമ്പർ (ലഭ്യമെങ്കിൽ), മാതാവിന്റെ പേര്, മാതാവിന്റെ എപിക് നമ്പർ (ലഭ്യമെങ്കിൽ), പങ്കാളിയുടെ പേര് (ബാധകമെങ്കിൽ), പങ്കാളിയുടെ എപിക് നമ്പർ (ലഭ്യമെങ്കിൽ) എന്നിവയാണ് നൽകേണ്ടത്. സമീപകാല കളർ ഫോട്ടോ പതിക്കാൻ പറയുന്നുണ്ടെങ്കിലും നിർബന്ധമല്ല.
ആദ്യഭാഗത്തെ കോളം പൂരിപ്പിക്കൽ പലർക്കും പ്രയാസമാണ്. 2002നുശേഷം പേരിൽ മാറ്റം വന്നവർ ഏത് പേര് നൽകണമെന്ന് ആശയക്കുഴപ്പമുണ്ട്. പേര് മാറിയാലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. അനാഥരായവർ മാതാപിതാക്കളുടെ കോളത്തിൽ ആരുടെ പേര് നൽകുമെന്നതിലും വ്യക്തതയില്ല.
‘ബന്ധുക്കൾ’ ആരൊക്കെ?
മുൻ എസ്‌ഐആറിന്റെ വിവരങ്ങളാണ് രണ്ടാമതായി പൂരിപ്പിക്കേണ്ടത്. രണ്ട് കോളമാക്കി തിരിച്ചാണ് ചോദ്യങ്ങൾ. ആദ്യ കോളത്തിൽ അവസാന എസ്‌ഐആറിന്റെ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ട വോട്ടറുടെ വിശദാംശങ്ങൾ ചേർക്കാം. വോട്ടറുടെ പേര്, എപിക് നമ്പർ, ബന്ധുവിന്റെ പേര്, ബന്ധം, ജില്ല, സംസ്ഥാനം, നിയമസഭാ മണ്ഡലത്തിന്റെ പേര് – പാർട് നമ്പർ– സീരിയൽ നമ്പർ എന്നിങ്ങനെയാണ് നൽകേണ്ടത്. അവസാന എസ്‌ഐആറിൽ അടുത്ത ബന്ധുക്കൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ വിവരങ്ങളാണ് രണ്ടാം കോളത്തിൽ നൽകേണ്ടത്. ഇൗ ഭാഗത്തെ പ്രധാന സംശയം ‘ബന്ധുക്കൾ’ എന്ന് നിർവചിക്കുന്നത് ആരെയൊക്കെയെന്നതാണ്. വീടുകളിലെത്തുന്ന ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ ധാരണയില്ല.









0 comments