print edition എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം പാളി ; ഏറ്റവും പിന്നിൽ കേരളവും തമിഴ്‌നാടും

തിരുവനന്തപുരം
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക തീവ്ര പുനഃപരിശോധനയിലെ എന്യൂമറേഷൻ ഫോം വിതരണത്തിൽ ഏറ്റവും പിന്നിൽ കേരളവും തമിഴ്‌നാടും. കേന്ദ്ര കമീഷൻ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തിൽ 97.33 ശതമാനം പേർക്കും തമിഴ്‌നാട്ടിൽ 96.22 ശതമാനം പേർക്കും മാത്രമാണ് ഫോം നൽകിയിട്ടുള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ പുതുച്ചേരിയാണ് ഏറ്റവും പിന്നിൽ.
കേരളത്തിൽ 7,42,568 പേർക്ക് ഇനിയും ഫോം നൽകിയിട്ടില്ല. ഇതിന്റെ കാരണം കമീഷൻ ഇതുവരെ വിശദീകരിച്ചിട്ടില്ല. പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മയും നിർദേശങ്ങളുടെ അഭാവവുമാണ് വിതരണം വൈകാൻ പ്രധാന കാരണമായി രാഷ്‌ട്രീയ പാർടികൾ ചൂണ്ടിക്കാണിക്കുന്നത്. കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലുമാണ്.
കേരളത്തിൽ 99.5 ശതമാനത്തിൽ കൂടുതൽ ഫോം വിതരണം ചെയ്തെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം. എന്നാൽ, കേന്ദ്ര കമീഷന്റെ കണക്കുകൾ ഈകണക്കുമായി പൊരുത്തപ്പെടുന്നില്ല.
തെരഞ്ഞെടുപ്പ് ജോലിക്ക് 2.57 ലക്ഷം ഉദ്യോഗസ്ഥർ
തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 14 ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമുണ്ട്. 1249 റിട്ടേണിങ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, 1034 ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർക്കും ചുമതലയുണ്ട്.
വോട്ടെടുപ്പ്, പോളിങ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനത്തിനായി 1,80,000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. സുരക്ഷാ ക്രമീകരണത്തിന് 70,000 പൊലീസുകാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് നടപടി നിരീക്ഷിക്കാൻ 14 പൊതു നിരീക്ഷകരെയും 70 ചെലവ് നിരീക്ഷകരെയും നിയമിച്ചു. 2300 സെക്ടറൽ ഓഫീസർമാർ, 184 ആന്റി-ഡിഫേസ്‌മെന്റ് സ്ക്വാഡ്, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണുള്ളത്.









0 comments