'എന്റെ കേരളം' പ്രദർശന വിപണന മേള 17 മുതൽ തിരുവനന്തപുരത്ത്

ente keralam
വെബ് ഡെസ്ക്

Published on May 14, 2025, 06:03 PM | 4 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മെയ് 17 മുതൽ തിരുവനന്തപുരത്ത്. 17 മുതൽ 23 വരെ കനകക്കുന്ന് കൊട്ടാരത്തിലാണ് മേള സംഘടിപ്പിക്കുന്നത്. പരിപാടി 17ന് വൈകിട്ട് 6ന് മന്ത്രി വി ശിവൻകുട്ടി നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആർ അനിൽ ചടങ്ങിൽ അദ്ധ്യക്ഷനാകും. ജില്ലയിലെ എംപിമാർ, എംഎൽ എമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.


സമസ്ത മേഖലകളിലും നവകേരളം സാധ്യമാക്കിക്കൊണ്ടാണ് പിണറായി വിജയൻ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളചരിത്രത്തിൽ മാറ്റി നിറുത്താനാകാത്ത തരത്തിലുള്ള പ്രവർത്തനങ്ങളും നാടിന്റെ സമഗ്രവികസനവുമാണ് പിണറായി വിജയൻ സർക്കാർ നടപ്പാക്കി വരുന്നത്. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും അവതരിപ്പിക്കുകയാണ് നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ലക്ഷ്യം. സർക്കാരിന്റെ ജനകീയത വ്യക്തമാക്കുന്ന കാഴ്ചകളാണ് ഇതുവരെ മേള സംഘടിപ്പിച്ച എല്ലാ ജില്ലകളിലും നാം കണ്ടത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും പ്രദർശന വിപണന മേള മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ente keralam


ഏപ്രിൽ 21ന് കാസർകോട് നിന്നും ആരംഭിച്ച വാർഷികാഘോഷ പരിപാടികൾ മെയ് 23ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേർ പങ്കെടുക്കുന്ന തരത്തിൽ പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം സംഘടിപ്പിക്കുന്നത്.


സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദർശന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, ഭക്ഷ്യമേള, പ്രശസ്ത കലാകാരന്മാർ നയിക്കുന്ന കലാവിരുന്ന് എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനസമയം. ഏഴ് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ 75,000 ചതുരശ്ര അടിയിലാണ് പവലിയൻ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ54,000 ചതുരശ്ര അടി പൂർണമായും ശീതികരിച്ച പവലിയനാണ്.


കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ആകെ 250 സ്റ്റാളുകളാണുള്ളത്. ഇതിൽ 161 സർവീസ് സ്റ്റാളുകളും 89 കൊമേഴ്‌സ്യൽ സ്റ്റാളുകളുമാണ്. വാണിജ്യ സ്റ്റാളുകളിൽ വകുപ്പുകൾക്ക് പുറമെ എംഎസ്എംഇകൾക്കും ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. വനം വകുപ്പിന്റെ വനശ്രീ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി വസ്ത്രങ്ങൾ, വിവിധ ഭക്ഷ്യ വസ്തുക്കൾ, കയർ ഉത്പന്നങ്ങൾ, തേൻ, ആയുർവേദ ഉത്പന്നങ്ങൾ, വിവിധ തരം അച്ചാറുകൾ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങി വിവിധ തരം ഉല്പന്നങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ അത്യുത്പാദന ശേഷിയുള്ള വൃക്ഷത്തൈകളും, വിത്തുകളും ചെടികളും, കാർഷികോപകരണങ്ങളും വാങ്ങാൻ കഴിയുന്ന തരത്തിൽ വിശാലമായ സൗകര്യമുണ്ട്.


പുതിയ ആധാർ കാർഡിനുള്ള അപേക്ഷ, ആധാർ കാർഡിലെ പേര്, മൊബൈൽ നമ്പർ എന്നിവ തിരുത്തൽ, കുട്ടികൾക്കുള്ള ആധാർ രജിസ്ട്രേഷൻ, റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർക്കൽ, പുതുക്കൽ, ആരോഗ്യമേഖലയിലെ വിവിധ പരിശോധനകൾ തുടങ്ങിയവ മേളയിലെ സൗജന്യ സേവനങ്ങളാണ്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും സേവനങ്ങളും കേരളത്തിന്റെ വികസന ചരിത്രവും ഉൾപ്പെടുത്തിയ സ്റ്റാളുകൾ മേളയുടെ മറ്റൊരു ആകർഷണമാണ്.


ente keralam


2,500 ചതുരശ്ര അടിയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന തീം പവലിയനിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കും. വിനോദസഞ്ചാരം, പൊതുമരാമത്ത്, കൃഷി, സ്പോർട്സ്, കിഫ്ബി, കേരള ഫിലിം കോർപ്പറേഷന്റെ മിനിതിയേറ്റർ, സ്റ്റാർട്ടപ്പ് മിഷനുകൾക്കായി പ്രത്യേക ഏരിയയും ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മേളയിലെത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ ബുക്കും ബാഗും വാങ്ങുന്നതിനായി സ്‌കൂൾ മാർക്കറ്റും ഒരുക്കിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി സന്ദർശകരായ ജനങ്ങൾക്ക് ആകർഷകമായ രീതിയിലാണ് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്. ഐടി, കെഎസ്ഇബി, വാട്ടർ അതോറിറ്റി, കെ ഫോൺ, കിഫ് ബി, പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, ജയിൽ, ടൂറിസം, മറ്റ് വിവിധ വകുപ്പുകൾ,മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം സ്റ്റാളുകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയുടെയും പ്രധാന നേട്ടങ്ങൾ കണ്ടെത്തി അത് ജനങ്ങളിലുണ്ടാക്കിയ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. നൂതന ആശയ ആവിഷ്‌കാര രീതികളും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലൈവ് ഡെമോൺസ്ട്രേഷനും മേളയുടെ പ്രത്യേകതകളാണ്. ഇതുകൂടാതെ പുസ്തകമേളയും ഉണ്ടാകും.


ഭക്ഷ്യമേള


വിവിധയിനം വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകളാണ് ഇത്തവണ ഭക്ഷ്യമേളയിൽ എത്തിക്കുന്നത്. പ്രഭാത ഭക്ഷണം മുതൽ രാത്രി മേള അവസാനിക്കുന്നതു വരെ പൊതുജനങ്ങൾക്ക് ഭക്ഷണം കഴിക്കാനുള്ള അവസരം കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. വനസുന്ദരി ചിക്കൻ, കപ്പയും മീൻകറിയും, പാൽ കപ്പയും ബീഫ് റോസ്റ്റും, കപ്പ ബിരിയാണി, പിടിയും കോഴിക്കറിയും, സുന്ദരി പുട്ട്, മത്തൻ പായസം, മുളയരി പായസം, ഊര് കാപ്പി, മലബാർ വിഭവങ്ങൾ തുടങ്ങിയവ മേളയിലുണ്ടാകും.


മാധ്യമ അവാർഡ്


എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി മാധ്യമങ്ങൾക്ക് ഇക്കൊല്ലവും അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേളയെക്കുറിച്ചുള്ള റിപ്പോർട്ടിംഗിന് അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കും മികച്ച ഫോട്ടോഗ്രാഫർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കും മികച്ച ക്യാമറാമാനും സമഗ്ര കവറേജിന് ഓൺലൈൻ, റേഡിയോ വിഭാഗങ്ങൾക്കും പുരസ്‌കാരം നൽകും. ഇതിന് പുറമെ പിആർഡിയുടെ നേതൃത്വത്തിൽ കനകക്കുന്നിൽ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.


മുഖ്യമന്ത്രിയുടെ ജില്ലാതലയോഗം 23ന്


സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം 23 ന് രാവിലെ 10.30 മുതൽ 12.30 വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാതല യോഗത്തിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അഞ്ഞൂറ് വ്യക്തികൾ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം പേർക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും.


കലാപരിപാടികൾ


17 മുതൽ 22 വരെ വിവിധ കലാപരിപാടികൾ എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ നടക്കും. 17 ശനിയാഴ്ച 6 ന് ട്രിവാൻഡ്രം വോക്കൽസിന്റെ ഗാനമേള ഉണ്ടായിരിക്കും. രവിശങ്കറും ശ്രീറാമും അവതരിപ്പിക്കും. അതോടനുബന്ധിച്ച് 8 മണിക്ക് റെഡ് എഫ് എമ്മിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കും. 18ന് 6 ന് അഖിലാ ആനന്ദും സാംസൺ ആന്റ് ടീം നയിക്കുന്ന ഗാനമേളയും 8 മണിക്ക് ഇഷാൻ ദേവ് ആന്റ് ടീമിന്റെ മ്യൂസിക്കൽ പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. 19 തിങ്കളാഴ്ച 6ന് ശൈലജ പി അംബു അവതരിപ്പിക്കുന്ന കലാപരിപാടികളും 8 മണിക്ക് നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി അവതിരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമും ഉണ്ടായിരിക്കും. ചൊവ്വാഴ്ച 6 ന് ഡാൻസ് മെഗാഷോയും 8 ന് അതുൽ നറുകര അവതരിപ്പിക്കുന്ന ഫോക് ഗ്രാഫർ ഷോയും അരങ്ങേറും. ബുധനാഴ്ച 6 മണിക്ക് ശ്രീലക്ഷ്മി തൃശ്ശൂർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാമും 8 മണിക്ക് ജീവൻ ടിവിയുടെ നേതൃത്വത്തിൽ മെഗാഷോയും ഉണ്ടായിരിക്കും.

വ്യാഴാഴ്ച കൈരളി ടിവി അവതരിപ്പിക്കുന്ന കലാസന്ധ്യ ഉണ്ടാകും. ബിജു നാരായണൻ നേതൃത്വം നൽകും. 23 വെള്ളിയാഴ്ച വൈകിട്ട് 6ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home