നമുക്കും കിട്ടണം പണം ; കോഴക്കേസിൽ അറസ്റ്റിലായത് നിരവധി ഉദ്യോഗസ്ഥർ

Enforcement Directorate
വെബ് ഡെസ്ക്

Published on May 19, 2025, 02:18 AM | 2 min read


ന്യൂഡൽഹി

രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടേണ്ട എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇഡി) നിരവധി ഉദ്യോഗസ്ഥർ കോഴ വാങ്ങി അറസ്റ്റിലായതോടെ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത സംശയനിഴലിൽ. കുറ്റാരോപിതരെ കേസിൽനിന്ന്‌ ഊരിത്തരാമെന്ന്‌ വാഗ്‌ദാനം ചെയ്‌തും ചോദിച്ച പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയും ലക്ഷങ്ങളും കോടികളും വാങ്ങിയ ഉദ്യോഗസ്ഥരാണ്‌ അറസ്റ്റിലായത്‌. ബിജെപി നേതൃത്വവുമായി ബന്ധംപുലർത്തുന്ന ഈ ഉദ്യോഗസ്ഥർ ബിജെപി അനുകൂല മാധ്യമങ്ങൾക്ക്‌ അർധസത്യങ്ങളും കള്ളങ്ങളും നിറച്ച വാർത്തകൾ ചോർത്തിക്കൊടുക്കുന്നതിലും കുപ്രസിദ്ധർ. രാഷ്‌ട്രീയ എതിരാളികളെ കള്ളക്കേസിൽപ്പെടുത്തി വേട്ടയാടാൻ ബിജെപി സർക്കാർ തുടലഴിച്ചു വിട്ട ഇഡി


ഉദ്യോഗസ്ഥരുടെ തനിനിറം വ്യക്തമാക്കുന്ന ചില സംഭവങ്ങൾ:

● 2023 ആഗസ്‌ത്‌: ഡൽഹി മദ്യനയ അഴിമതിക്കേസിൽ വ്യവസായി അമൻദീപ്‌ ധള്ളിനെ ഒഴിവാക്കാൻ സഹായിക്കാമെന്നേറ്റ്‌ അഞ്ചുകോടി കൈപ്പറ്റിയെന്ന കേസിൽ ഇഡി അസിസ്റ്റന്റ്‌ ഡയറക്‌ടർ പവൻ ഖത്രിയെ സിബിഐ അറസ്റ്റ്‌ചെയ്‌തു. ചാർട്ടേഡ്‌ അക്കൗണ്ടന്റിനെ ഇടനിലക്കാരനാക്കിയായിരുന്നു കോഴ ഇടപാട്‌.

●2023 നവംബർ: മണിപ്പുരിലെ ചിട്ടിത്തട്ടിപ്പ്‌ കേസിലെ പ്രതിയിൽനിന്ന്‌ ഇടനിലക്കാരൻ മുഖേന 20 ലക്ഷം കൈപ്പറ്റുന്നതിനിടെ ഇഡി ഉദ്യോഗസ്ഥൻ നവൽ കിഷോർ മീണയെ രാജസ്ഥാൻ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു.

● 2023 ഡിസംബർ: തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ സർക്കാർ ഉദ്യോഗസ്ഥനിൽനിന്ന്‌ 20 ലക്ഷം കോഴ കൈപ്പറ്റുന്നതിനിടെ ഇഡി ഉദ്യോഗസ്ഥൻ ആർ അങ്കിത്‌ തിവാരിയെ സംസ്ഥാന വിജിലൻസ്‌ അറസ്റ്റ്‌ചെയ്‌തു. ഇയാളെ പിന്നീട്‌ സസ്‌പെൻഡ്‌ ചെയ്‌തു.

● 2024 ആഗസ്‌ത്‌: മുംബൈ വ്യവസായിയെ കള്ളക്കേസിൽ കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി 20 ലക്ഷം തട്ടാൻ ശ്രമിക്കുന്നതിനിടെ ഇഡി അസിസ്റ്റന്റ്‌ ഡയറക്ടർ സന്ദീപ്‌ സിങ് യാദവ്‌ അറസ്റ്റിലായി.

●2025 ജനുവരി: ഹിമാചൽപ്രദേശിലെ സ്‌കോളർഷിപ്പ്‌ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ ഇഡി ഷിംല യൂണിറ്റിലെ അസി. ഡയറക്ടർ വിശാൽദീപിനെ ഹരിയാനയിലെ പഞ്ച്‌കുള പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു. അറസ്റ്റ് ചെയ്യാതിരിക്കണമെങ്കിൽ 50 ലക്ഷം തരണമെന്ന്‌- വിശാൽദീപും കൂട്ടാളികളും നിരന്തരം ഭീഷണിപ്പെടുത്തുന്നതായി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമകളാണ്‌ പരാതിപ്പെട്ടത്‌.


തെളിവ്‌ നൽകുമെന്ന്‌ ബിഷപ്‌

കേസ്‌ ഒത്തുതീർക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടേറേറ്റ്‌ ഉദ്യോഗസ്ഥർക്കെതിരെ തെളിവ്‌ നൽകാൻ തയ്യാറാണെന്ന്‌ ഭാരതീയ ഓർത്തഡോക്സ് സഭ ബിഷപ്പും മോഡേൺ വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂഷൻസ്‌ ഉടമയുമായ ജെയിംസ് ജോർജ്‌. സമഗ്ര അന്വേഷണം നടന്നാൽ തെളിവുകൾ കൈമാറും. അല്ലാതെ കൂടുതൽ നിയമനടപടികളുമായി മൂന്നാട്ടുപോകാൻ തക്ക സാമ്പത്തികാവസ്ഥ നിലവിലില്ല. – ജെയിംസ്‌ ജോർജ്‌ പറഞ്ഞു.


കടപ്പാക്കടയിലെ വിദ്യാഭ്യാസസ്ഥാപനത്തോട്‌ ചേർന്നുള്ള വീട്ടിലാണ്‌ ജെയിംസ്‌ ജോർജ്‌ ഇപ്പോൾ കഴിയുന്നത്‌. ഇഡി ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി എത്തിയവർ പിടിയിലായതോടെയാണ്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കാൻ തയ്യാറായത്‌. കുറച്ചുകാലമായി അനുഭവിക്കുന്ന മാനസിക പീഡനത്തിന്‌ ഇനിയെങ്കിലും അൽപ്പം ആശ്വാസം ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ബിഷപ് പറഞ്ഞു.


കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ കൊച്ചി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിലെ മൂന്ന്‌ ഉദ്യോഗസ്ഥർക്കെതിരെ ഒരുവർഷം മുമ്പാണ്‌ ബിഷപ്‌ പരാതി നൽകിയത്‌. ഇവർക്കെതിരെ മൂന്നുമാസം മുമ്പ്‌ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐക്ക്‌ പരാതിയും നൽകി. കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകളും കൈമാറി. ഇഡി ഉദ്യോഗസ്ഥരുടെ ഏജന്റ് ചമഞ്ഞ് പണംആവശ്യപ്പെട്ട മുൻ ഇൻകംടാക്‌സ്‌ ഉദ്യോഗസ്ഥൻകൂടിയായ കൊല്ലം സ്വദേശി, പാറശാല സ്വദേശിയായ വനിതാ ഉദ്യോഗസ്ഥ, ഗുജറാത്ത്‌ സ്വദേശി എന്നിവർക്കെതിരെയായിരുന്നു പരാതി. ഈ ഉദ്യോഗസ്ഥരുടെ ഏജന്റ് ചമഞ്ഞ് ജെയിംസ് ജോർജിനെ സമീപിച്ച രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു.


എല്ലാം ഉയർന്ന പദവിയിലുള്ള മാഡത്തിനുവേണ്ടിയാണെന്ന്‌ പറഞ്ഞാണ്‌ ആദ്യം സമീപിച്ചത്‌. പിന്നീട്‌ ഇവർ സ്വന്തം വിഹിതം ചോദിച്ചു. പണം നൽകാൻ വിസമ്മതിച്ചതോടെ കൊച്ചി ഓഫീസിൽ നിരന്തരം വിളിച്ചുവരുത്തി പകൽ മുഴുവൻ വെറുതെ നിർത്തി. ആദ്യം നോട്ടീസ്‌ നൽകിയാണ്‌ വിളിപ്പിച്ചിരുന്നത്‌. പിന്നീട്‌ ഇത്‌ ഇ മെയിലിലും ഫോണിലുമാക്കി. വ്യാജസർട്ടിഫിക്കറ്റു നൽകി വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചെന്ന കേസിൽ ജെയിംസ്‌ ജോർജിന്റെ 1.60 കോടി രൂപയുടെ സ്വത്ത്‌ 2021 ലും 1.78 കോടി രൂപയുടെ സ്വത്ത്‌ ഈ വർഷവും ഇഡി കണ്ടുകെട്ടി. ഈ കേസ്‌ ഒത്തുതീർക്കാനാണ്‌ കൈക്കൂലി ആവശ്യപ്പെട്ടത്‌.





deshabhimani section

Related News

View More
0 comments
Sort by

Home