മാറുന്ന ലോകത്തിന്റെ മാറ്റത്തിനൊപ്പം ; ഇ എം എസിന്റെ ലോകം സെമിനാർ സമാപിച്ചു

കാരത്തൂർ (മലപ്പുറം)
ബഹുധ്രുവ ലോകക്രമവും ബദൽ മുന്നേറ്റങ്ങളും അടയാളപ്പെടുത്തിയും മതരാഷ്‌ട്ര നിർമിതി ലക്ഷ്യമിടുന്ന സംഘപരിവാറിനെതിരെ മതനിരപേക്ഷ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് ആഹ്വാനംചെയ്‌തും ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ സമാപിച്ചു. രണ്ടു ദിവസത്തെ സെമിനാറിൽ ലോക മുതലാളിത്തം നേരിടുന്ന പ്രതിസന്ധികളും അതിനെ മറികടക്കാൻ നടത്തുന്ന നീക്കങ്ങളും ആഗോള തലത്തിൽ ഉയർന്നുവരുന്ന ബദൽ കൂട്ടായ്മകളും ചർച്ചയായി. വർഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള വലതുപക്ഷ രാഷ്‌ട്രീയവും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാനുള്ള ഗൂഢനീക്കം തുറന്നുകാട്ടാനുമായി.
സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ പങ്കെടുത്തു.
‘പുതിയ വിദ്യാഭ്യാസ നയം: കാവിവൽക്കരണത്തിനെതിരെ ജനാധിപത്യ ബദൽ’ വിഷയത്തിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, മുൻ മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ വിഷയം അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു അധ്യക്ഷനായി. ‘സാർവദേശീയ രാഷ്‌ട്രീയം ഏക ധ്രുവതയിൽനിന്നും ബഹു ധ്രുവത’യിലേക്ക് വിഷയത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എ എം ഷിനാസ്, വി ബി പരമേശ്വരന്‍ എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ് അധ്യക്ഷനായി.
‘സംസ്‌കാരം– ജാതി, ലിംഗ പദവി’ വിഷയത്തിൽ ഡോ. ധർമരാജ് അടാട്ട്, എം എം നാരായണൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാർ അധ്യക്ഷനായി.









0 comments