'ജാതീയമായി അധിക്ഷേപിച്ചു'; ദിയ കൃഷ്ണക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ജീവനക്കാർ

diya krishna issue
വെബ് ഡെസ്ക്

Published on Jun 07, 2025, 08:19 PM | 2 min read

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി ​ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ. ഫോണിൽ വിളിച്ച് ചീത്ത വിളിച്ചുവെന്നും പലപ്പോഴായി ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് ജീവനക്കാരുടെ ആരോപണം. കൃഷ്ണ കുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് നിലവിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോയെന്നും ബലം പ്രയോഗിച്ച് പണം കൈക്കലാക്കിയെന്നുമാണ് പരാതിയിലുള്ളത്.


"സ്ഥാപനത്തിൽ ജോലിക്ക് കയറിയിട്ട് ഒരു വർഷമായി. അക്കൗണ്ടിന് ചില പ്രശ്നങ്ങൾ ഉള്ളതിനാൽ കസ്റ്റമേഴ്സിന്റെ പേയ്മെന്റ് ഞങ്ങളുടെ അക്കൗണ്ടിൽ വാങ്ങിയാൽ മതിയെന്ന് ദിയ പറഞ്ഞിരുന്നു. ടാക്സ് ഇഷ്യൂ ഉള്ളത് കൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത്. കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതും ജീവനക്കാർക്ക് ശമ്പളം നൽകുന്നതും എല്ലാം ഞങ്ങൾ തന്നെയാണ് ചെയ്തിരുന്നത്"- ജിവനക്കാര്‍ പറഞ്ഞു


"ദിയ പലപ്പോഴും സ്ഥാപനത്തിൽ വന്നിരുന്നില്ല. പാർട്ട് ടൈം ആയാണ് സ്ഥാപനത്തിലേക്ക് ഞങ്ങൾ ജോലിക്ക് വന്നത്. പിന്നീട് അധിക സമയം ജോലി ചെയ്യേണ്ടതായി വന്നപ്പോൾ പിരിഞ്ഞുപോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ തൊഴിലാളികളെ കണ്ടെത്തുന്നത് വരെ സ്ഥാപനത്തിൽ തുടരാൻ ദിയ ആവശ്യപ്പെട്ടു.


പലപ്പോഴായി ദിയയിൽ നിന്ന് ജാതീയമായ അതിക്ഷേപങ്ങളും അടിച്ചമർത്തലുകളും നേരിട്ടിട്ടുണ്ട്. അത് തുടർന്നപ്പോൾ ഇനി ജോലിക്ക് വരില്ല എന്ന് ഞങ്ങൾ പറഞ്ഞു. അപ്പോൾ കസ്റ്റമേഴ്സിന്റെ പക്കൽ നിന്ന് പണം വാങ്ങിയതിന്റെ സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമത്തിൽ പങ്കുവയ്ക്കുമെന്നും ദിയ പറഞ്ഞു.


പൈസ കൊണ്ടുവന്നാൽ തിരികെ വിടാം എന്ന് പറഞ്ഞാണ് ‍ഞങ്ങളെ തട്ടിക്കൊണ്ടു പോയത്. രണ്ടു വാഹനങ്ങളിലായിട്ടായിരുന്നു തട്ടിക്കൊണ്ടു പോയത്. അവിടെ ഒരു പൊലീസുണ്ടായിരുന്നു"വെന്നും ജീവനക്കാർ പറഞ്ഞു. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കണ്ടയാൾ പൊലീസല്ലെന്ന് മനസിലായത്.


ദിയ ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നും ജീവനക്കാർ പറഞ്ഞു. എട്ട് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപയാണ് ഭീഷണിപ്പെടുത്തി വാങ്ങിയത്. ഇവരിൽ നിന്നും ജാതീയമായ അധിക്ഷേപവും കേട്ടുവെന്നും ജീവനക്കാർ പറഞ്ഞു. നിങ്ങൾ മുക്കുവത്തികൾ അല്ലേ? ഐഫോൺ ഉപയോഗിക്കാൻ എന്ത് യോഗ്യത ഉള്ളവരാണെന്നൊക്കെ ചോദിച്ച് മാനസികമായും ജാതീയമായും അധിക്ഷേപിച്ചുവെന്നും ജീവനക്കാർ പറഞ്ഞു. വിഷയം നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനമെന്നും ജീവനക്കാർ അറിയിച്ചു.


കവടിയാറിലെ ഒ ബൈ ഓസി എന്ന ദിയയുടെ സ്ഥാപനത്തിൽ ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജീവനക്കാർ കേസ് നൽകുന്നത്. തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തിയാണ് ജി കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.


പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ക്യുആർ കോഡ് മാറ്റി പൈസ എടുക്കുന്നതിന്റെ വീഡിയോ തെളിവ് സഹിതം തങ്ങൾ നൽകുമ്പോൾ മകൾക്കെതിരേ ഒരു തെളിവ് പോലും ജീവനക്കാർക്ക് നൽകാനായിട്ടില്ലെന്നും പണംതട്ടിച്ച സംഭവത്തിൽ മൂന്നു ജീവനക്കാരികൾ കുറ്റം സമ്മതിച്ച് എട്ടു ലക്ഷം രൂപ തിരിച്ചു നൽകിയെന്നും കൃഷ്ണകുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home