മണിക്കൂറിൽ 12 ഇലക്ട്രിക് വാഹനം
സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം ; പുതിയ വാഹനങ്ങളിൽ 13.63 ശതമാനവും ഇലക്ട്രിക്

ടി എസ് അഖിൽ
Published on Aug 04, 2025, 12:25 AM | 1 min read
പാലക്കാട്
സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം. രജിസ്റ്റർ ചെയ്യുന്നതിൽ 13.63 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ വെബ്സൈറ്റിലാണ് കണക്കുകൾ. 2025 ആഗസ്ത് മൂന്നുവരെ 4.65 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ 63,412 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ് (13.63 ശതമാനം). മുൻവർഷത്തെ അപേക്ഷിച്ച് 2.38 ശതമാനത്തിന്റെ വർധന. മണിക്കൂറിൽ 12ലധികം ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. 2024ൽ രജിസ്റ്റർ ചെയ്ത 7.79 ലക്ഷം വാഹനങ്ങളിൽ 87,703 എണ്ണം ഇലക്ട്രിക്കായിരുന്നു. അതായത് 11.25 ശതമാനം.
ഇലക്ട്രിക് (ബിഇവി), ഇലക്ട്രിക് ഹൈബ്രിഡ്, ബാറ്ററി ഓപ്പറേറ്റഡ് ഇലക്ട്രിക് (ബിഒവി) എന്നിങ്ങനെ മൂന്നുതരം രജിസ്ട്രേഷനുകളാണുള്ളത്. ഇതിൽ ഇലക്ട്രിക് വിഭാഗത്തിലാണ് കൂടുതൽ വാഹനങ്ങൾ പുറത്തിറങ്ങുന്നത്. ഇൗ വിഭാഗത്തിൽ 2025ൽ 44,212 വാഹനം രജിസ്റ്റർ ചെയ്തു. രണ്ടാംസ്ഥാനം ബാറ്ററി ഓപ്പറേറ്റഡ് ഇലക്ട്രിക് വാഹനങ്ങൾക്കാണ്. 131,83 എണ്ണം. മറ്റ് ഉൗർജവും ഉപയോഗിക്കാനാകുന്ന ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾക്കും ആവശ്യക്കാർ കൂടുന്നുണ്ട്. ഓരോ മാസവും രജിസ്റ്റർ ചെയ്യുന്ന ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു. 2024ൽ ബിഒവി വിഭാഗം വാഹനങ്ങളാണ് ആളുകൾ കൂടുതലായി വാങ്ങിയിരുന്നത്. ഇത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
പോക്കറ്റ് ചോരില്ല
ഇരുചക്രവാഹനം വാങ്ങാനെത്തുന്നവർ ആദ്യം പരിഗണന നൽകുന്നത് ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ്. വിലയൽപ്പം കൂടിയാലും പിന്നീടുള്ള ഇന്ധനച്ചെലവ് കുറവാണെന്നതാണ് ആളുകളെ ആകർഷിക്കുന്നത്. മാസം നാലായിരത്തിലധികം ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ വിൽപ്പന നടക്കുന്നുണ്ട്. എഥർ ആണ് ഇഷ്ടപ്പെട്ട ബ്രാൻഡ്. ഒലയ്ക്കാണ് രണ്ടാംസ്ഥാനം. 100 കിലോമീറ്ററിനുമുകളിൽ ഒറ്റച്ചാർജിൽ സഞ്ചരിക്കാവുന്ന സ്കൂട്ടറുകൾക്കാണ് ആവശ്യകത. 30 പൈസയാണ് കിലോമീറ്ററിന് ചെലവ്. കാറുകളിൽ 600 കിലോമീറ്റർവരെ റേഞ്ചുള്ള മോഡലുകളുണ്ട്. ഒരു രൂപയിൽ താഴെയാണ് ഒരു കിലോമീറ്റർ സഞ്ചരിക്കാനുള്ള ചെലവ്. കാർ, സ്കൂട്ടർ കമ്പനികളും കെഎസ്ഇബിയും സ്വകാര്യ സ്ഥാപനങ്ങളും ചാർജിങ് സ്റ്റേഷനുകൾ ഒരുക്കിയതും ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ വർധിക്കുന്നതിന് കാരണമായി.









0 comments