താമരശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ഏഴ് പവൻ കവർന്നു

താമരശേരി: കോഴിക്കോട് താമരശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ മോഷണം. വയോധികയെ ആക്രമിച്ച് ഏഴ് പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. കതിരോട് ഓടർപൊയിൽ വത്സലയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വത്സലയുടെ മുഖത്ത് തുണിയിട്ട് മൂടിയതിന് ശേഷമാണ് മോഷണം.
വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് കവർച്ച നടന്നത്. വൈദ്യതി കണക്ഷൻ പോവുകയും പെട്ടെന്നൊരാൾ പിന്നിലൂടെ മുഖത്ത് തുണിയിട്ട് മൂടി ആക്രമിക്കുകയുമായിരുന്നുവെന്ന് വത്സല പറഞ്ഞു. തുടർന്ന് മുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്ന സ്വർണ വളകളും രണ്ട് മോതിരങ്ങളും മോഷണം പോയി. വത്സലയുടെ കാലിലുണ്ടായിരുന്ന പാദസ്വരവും കവർന്ന് മോഷ്ടാവ് കടന്നുകളഞ്ഞു.
വത്സല ഉടൻ തന്നെ അയൽവാസിയെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസി എത്തി പരിശോധിച്ചപ്പോഴാണ് മെയിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തിയത്. താമരശേരി പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
അറുപത്തിനാല്കാരിയായ വത്സല താമരശേരിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് തനിച്ചാണ് താമസിക്കുന്നത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. വീടിനെക്കുറിച്ച് കൃത്യമായി അറിയാവുന്നയാളാണോ മോഷണം നടത്തിയതെന്ന സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.









0 comments