സ്വർണമാല കൈക്കലാക്കാൻ വയോധികയെ കൊലപ്പെടുത്താൻ ശ്രമം; കൊച്ചുമകൻ അറസ്റ്റിൽ

THEFT IDUKKI
വെബ് ഡെസ്ക്

Published on Jun 05, 2025, 10:34 PM | 1 min read

അടിമാലി: സ്വർണമാല കൈക്കലാക്കാൻ ക്യാൻസർ രോഗിയായ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. മച്ചിപ്ലാവ് പുളിയ്ക്കൽ അഭിലാഷാണ്‌(44) അറസ്റ്റിലായത്. മുത്തശ്ശിയായ മേരിയെ(95) കൊലപ്പെടുത്താൻ ശ്രമിച്ചശേഷമാണ് സ്വർണമാല കവർന്നത്. മേരിയുടെ മൂത്തമകനായ മൈക്കിളിന്റെ മകനാണ് അഭിലാഷ്. ഞായർ ഉച്ചയോടെയാണ് സംഭവം.


മച്ചിപ്ലാവിലെ വീട്ടിൽ മേരിയുടെ മകൻ തമ്പി, ഭാര്യ ട്രീസ എന്നിവർക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. ഇവർ പള്ളിയിൽപോയ സമയത്താണ് അഭിലാഷ്‌ എത്തിയത്‌. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് തലയിണ അമർത്തിയശേഷം കഴുത്തിൽ കിടന്ന രണ്ടര പവനോളം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. പള്ളിയിൽനിന്ന്‌ മക്കൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു.


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടൗണിലെ നിരീക്ഷണ ക്യാമറയിൽനിന്ന്‌ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്‌തതോടെ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച മാല നെടുങ്കണ്ടത്ത് വിറ്റതായി മൊഴി നൽകിയെങ്കിലും കണ്ടെത്താനായിട്ടില്ല. അഭിലാഷ് മുമ്പും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും ഏതാനും ദിവസം മുമ്പാണ് പീരുമേട് ജയിലിൽനിന്ന്‌ മോചിതനായതെന്നും പൊലീസ് പറഞ്ഞു. മേരിയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home