രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ മോദി കുത്തകകൾക്ക് തീറെഴുതുന്നു: എളമരം കരീം

Elamaram Kareem
വെബ് ഡെസ്ക്

Published on Feb 28, 2025, 04:08 PM | 1 min read

തിരുവനന്തപുരം: നരേന്ദ്രമോദി രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കടൽ മണൽ ഖനനത്തിനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്ഭവന് മുന്നിൽ കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച രാപകൽ സത്യാ​ഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.


കടൽ മണൽ മാത്രമല്ല രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ സ്വകാര്യ കുത്തകകൾക്ക് ബിജെപി സർക്കാർ തീറെഴുതുകയാണ്. സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഉദാരവൽക്കരണ സ്വകാര്യവൽക്കരണ നയങ്ങളിൽ ഒരേ വഞ്ചിയിലാണ് ഇവരുടെ സഞ്ചാരമെന്ന് അദ്ദേഹം പറഞ്ഞു.


കടൽമണൽ ഖനനത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ എതിർപ്പ് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കടൽമണൽ ഖനനത്തിനെതിരാണ് സംസ്ഥാന സർക്കാർ. എന്നാൽ, ഖനനത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരായ വികാരമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുവഴി ബിജെപിക്ക് രക്ഷപ്പെടാനുള്ള പഴുത് ഉണ്ടാക്കുകയാണ് കോൺഗ്രസ് നേതൃത്വം. കടലിന്റെ അടിത്തട്ടിൽ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മണൽ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. അത് മുഴുവൻ ഖനനം ചെയ്തെടുക്കാനാണ് തീരുമാനം.


ഖനനം കടലിലെ ജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കുകയും മത്സ്യസമ്പത്ത് ഇല്ലാതാക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളെ ഇത് ദോഷകരമായി ബാധിക്കും. കടൽസമ്പത്തിൽ കണ്ണ് വെച്ചിട്ടുള്ള വിദേശ കമ്പനികളെ വരവേൽക്കുന്നതാണ് കേന്ദ്രതീരുമാനം. കടലിന്റെ സമ്പത്ത് മുഴുവൻ ഊറ്റിയെടുക്കാനുള്ള ലൈസൻസ് നൽകുന്ന കേന്ദ്രശ്രമത്തെ ജീവൻ കൊടുത്തും എതിർക്കാൻ തൊഴിലാളികൾ തയ്യാറാകുമെന്ന് എളമരം കരീം പറഞ്ഞു.


ഫെ‍ഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ, ട്രഷറർ സി പയസ്, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എ സ്നാ​​ഗപ്പൻ, സെക്രട്ടറി ആർ ജെറാൾഡ്, സംഘാടക സമിതി ചെയർമാൻ സി ലെനിൻ, കൺവീനർ ക്ലൈനസ് റൊസാരിയോ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home