സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം: ഭരണ ഘടനാ മൂല്യങ്ങൾ പഠിപ്പിക്കും

തിരുവനന്തപുരം: ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും മറ്റ് സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ ഉളവാക്കുന്നതിന് പഠന പ്രക്രിയകളെ വികസിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായാകും ഇവ നടപ്പാക്കുക എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ തന്നെ നേടി എന്ന് ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠന നില അറിഞ്ഞുകൊണ്ട് അതത് അവസരങ്ങളിൽ ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പഠനവിടവ് പരിഹരിക്കാനുള്ള ബോധപൂർവ ശ്രമം സ്കൂള്‍ വര്‍ഷാരംഭത്തില്‍ നടക്കും. കുട്ടികളുടെ പഠനനില മനസ്സിലാക്കി സ്കൂൾ തുറന്ന ഘട്ടത്തിൽ തന്നെ അവർ കടന്നുവന്ന ക്ലാസിലേയും പുതിയ ക്ലാസിലെയും പഠനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ ബ്രിഡ്ജിങ് നടപ്പാക്കും.
ആരോഗ്യ ശീലങ്ങളെയും ഭക്ഷണശീലങ്ങളെയും കുറിച്ചും വ്യായാമത്തിന്റെ അനിവാര്യത സംബന്ധിച്ചും ലഹരിയുടെ വിപത്തും സംബന്ധിച്ച് കൃത്യമായ ചർച്ച ഓരോ ക്ലാസിലും നടക്കണം. കുട്ടികളുടെ കായികക്ഷമത വർധിപ്പിച്ചേ തീരൂ. പുതുതായി സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് സ്കൂള്‍ ക്യാമ്പസും അതിലെ സൗകര്യങ്ങളും പരിചയപ്പെടുത്തും. ഇത്തരം പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പ് വരുത്തണം. സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ഓരോ സ്കൂളിനും ക്ലാസിനും വേണ്ട മോഡ്യൂളുകള്‍ തയ്യാറാക്കും. രക്ഷാകർത്താക്കളുടെ സഹകരണം പ്രയോജനപ്പെടുത്തണം.
ഇത്തരം പ്രവർത്തനങ്ങൾ ഡിഇഒ/എഇഒ മാര്‍ ഏകോപിപ്പിക്കണം. അക്കാദമിക പിന്തുണ ബിആര്‍സികളും ഡയറ്റും ഒരുക്കണം. മെറ്റീരിയലുകൾ സ്കൂളിലേക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വഴി എസ്‌സിഇആർടി എത്തിക്കണം. വിദ്യാകിരണത്തിന്റെ സാധ്യത പൂർണ
മായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.









0 comments