കേസ് ഒതുക്കാൻ കൈക്കൂലി: ഇഡി ഉദ്യോഗസ്ഥനെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി: കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടിവ്യവസായിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലെ ഒന്നാംപ്രതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെ ചോദ്യംചെയ്യാനൊരുങ്ങി വിജിലൻസ് സംഘം. രണ്ടാഴ്‌ചയ്‌ക്കകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ, വ്യാഴാഴ്‌ച മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ ഹൈക്കോടതി ശേഖർകുമാറിനോട് നിർദേശിച്ചിരുന്നു. ഹാജരായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം റദ്ദാക്കാനാണ് വിജിലൻസ് നീക്കം. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെ ശേഖർകുമാറിനെ ഇഡി ഷില്ലോങ്ങിലേക്ക് സ്ഥലംമാറ്റി. ശേഖർകുമാറും രണ്ടാംപ്രതി വിൽസൺ വർഗീസും ഐ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ വിജിലൻസിന്റെ പക്കലുണ്ട്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയുടെ ശാസ്ത്രീയപരിശോധന ഫോറൻസിക് ലബോറട്ടറിയിൽ പുരോഗമിക്കുന്നു. കശുവണ്ടിവ്യവസായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി എടുത്ത കേസ് ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്.









0 comments