ഇ ഡി കൈക്കൂലിക്കേസ്: പ്രതിയായ അസി. ഡയറക്ടർക്ക് സ്ഥലംമാറ്റം

കൊച്ചി: വിജിലൻസ് കേസിൽ ഒന്നാം പ്രതിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ കൊച്ചിയിൽ നിന്ന് ഷില്ലോങ്ങിലേക്കാണ് മാറ്റിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കിത്തീർക്കാൻ ഏജന്റുമാർ വഴി രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ പ്രതിയാണ് ശേഖർ കുമാർ. ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ ശ്രീനഗറിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്.
കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിന്റെ പേരിലുള്ള കേസ് ഒതുക്കി തീർക്കാൻ ഇടനിലക്കാർ വഴി രണ്ടു കോടി രൂപയാണ് ശേഖർ കുമാര്‍ ആവശ്യപ്പെട്ടത്. ഇയാൾക്കെതിരെ ഫോൺ സംഭാഷണമടക്കം ശക്തമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിരുന്നു. ഇ ഡി ഉദ്യോഗസ്ഥനെതിരെ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് നേരത്തെ വിജിലൻസ് വ്യക്തമാക്കിയിരുന്നു.
ഇടനിലക്കാരായ കൊച്ചി സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ തുടങ്ങിയവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിൽ നിന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിലേയ്ക്ക് അന്വേഷണമെത്തിയത്.









0 comments