കൈക്കൂലിക്കേസ് ; ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞത് നീട്ടി

കൊച്ചി
വിജിലൻസ് രജിസ്‌റ്റർ ചെയ്ത കൈക്കൂലിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി. കേസിലെ മൂന്ന് പ്രതികളിൽനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളുടെ ഡിജിറ്റൽ ഡാറ്റയിൽ 10 ശതമാനംമാത്രമാണ് വീണ്ടെടുക്കാനായതെന്നും ശാസ്ത്രീയ പരിശോധനയ്‌ക്ക് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് ജസ്‌റ്റിസ് എ ബദറുദ്ദീൻ കേസ് പരിഗണിക്കുന്നത് ജൂലെെ മൂന്നിലേക്ക് നീട്ടിയത്.
കശുവണ്ടി വ്യവസായി അനീഷ് ബാബുവിൽനിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഒന്നാംപ്രതിയാണ് ശേഖർകുമാർ. വിദേശത്തുനിന്ന് കുറഞ്ഞവിലയ്‌ക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളിൽനിന്ന് കോടികൾ തട്ടിയെന്നാണ് അനീഷ് ബാബുവിനെതിരായ ഇഡി കേസ്. അനീഷ് ബാബു നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. വിവരശേഖരണത്തിനുമാത്രമാണ് വിളിപ്പിച്ചതെന്നും അറസ്റ്റ് ചെയ്യില്ലെന്നും ഇഡി അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്.









0 comments