കൈക്കൂലിക്കേസ് ; നിസ്സഹകരണം തുടർന്ന് ഇഡി , പുതിയ കേസെടുക്കാൻ വിജിലൻസ്

കൊച്ചി
കേസ് ഒതുക്കാൻ കശുവണ്ടി വ്യവസായിയിൽനിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിജിലൻസ് അന്വേഷണത്തോട് നിസ്സഹകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൈക്കൂലിക്കേസിൽ വിജിലൻസിന്റെ രണ്ടാമത്തെ നോട്ടീസിനും ഇഡി മറുപടി നൽകിയില്ല.
നോട്ടീസിന് ഇഡിയിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന വിജിലൻസ് മധ്യമേഖല എസ്‌പി എസ് ശശിധരൻ പറഞ്ഞു. കശുവണ്ടിവ്യവസായിക്കെതിരെ എടുത്ത കേസ്, ഇദ്ദേഹത്തിന് അയച്ച സമൻസ് തുടങ്ങിയ വിവരങ്ങളാണ് ഇഡിയിൽനിന്ന് വിജിലൻസ് സംഘം രണ്ടുതവണയും ആവശ്യപ്പെട്ടത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരെ സമാനപരാതികളിൽ കേസ് രജിസ്‌റ്റർ ചെയ്യാനും വിജിലൻസ് നീക്കമാരംഭിച്ചു. പുതിയ പരാതികളിൽ വസ്‌തുതകളുണ്ടെന്ന, പ്രാഥമിക പരിശോധനയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.
കൈക്കൂലിക്കേസിലെ ഒന്നാംപ്രതി ഇഡി അസി. ഡയറക്ടർ ശേഖർകുമാറിന്റെ അറസ്‌റ്റ് 11 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ 11ന് പരിഗണിക്കും. അന്വേഷണത്തിനായി വിജിലൻസ് സംഘം വീണ്ടും മഹാരാഷ്ട്രയിലേക്ക് പോകും. താനെയിലെ ബോറോ കമോഡിറ്റീസ് കമ്പനിയുടെ അക്കൗണ്ടിലാണ് കൈക്കൂലിപ്പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിരുന്നു. താനെയിൽ ഇങ്ങനെ ഒരു കമ്പനി പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമായി.









0 comments