ഇഡി കൈക്കൂലിക്ക്‌ തെളിവ്‌ ; ഇഡി ഉദ്യോഗസ്ഥൻ ഏജന്റിനെ വിളിച്ചത്‌ 
‘ഫേസ്‌ ടൈം’ ആപ്പിലൂടെ

ed bribery case
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Jun 24, 2025, 02:48 AM | 1 min read


കൊച്ചി

കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടിവ്യവസായിയിൽനിന്ന് ഇഡി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ കേസിൽ നിർണായക തെളിവുമായി വിജിലൻസ്‌. ഒന്നാംപ്രതി ഇഡി അസിസ്റ്റന്റ്‌ ഡയറക്‌ടർ ശേഖർകുമാറും ഏജന്റും രണ്ടാംപ്രതിയുമായ തമ്മനം സ്വദേശി വിൽസൺ വർഗീസുമായി ഐ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ്‌ വിജിലൻസ്‌ അന്വേഷകസംഘത്തിന്‌ ലഭിച്ചു. വിൽസൺ വർഗീസിന്റെ ഐ ഫോണിലെ ‘ഫേസ്‌ ടൈം’ ആപ്പിലൂടെ പലതവണ ഓഡിയോ കോളിലൂടെ ബന്ധപ്പെട്ടതായി ഇതിൽ നിന്ന്‌ തെളിഞ്ഞു.


ബിഹാർ സ്വദേശി ശേഖർകുമാറിന്റെ മുൻകൂർ ജാമ്യഹർജി ജൂലൈ മൂന്നിന്‌ ഹൈക്കോടതി പരിഗണിക്കുമ്പോൾ ഇതടക്കമുള്ള ഡിജിറ്റൽ തെളിവ്‌ ഹാജരാക്കും. തുടർന്ന്‌ ചോദ്യംചെയ്യലിന്‌ ഹാജരാകാൻ ശേഖർകുമാറിന്‌ നോട്ടീസ്‌ അയക്കും. കൈക്കൂലിവിവാദം ഉയർന്നതോടെ ഇയാളെ ഷില്ലോങ്ങിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്‌.


പ്രതികളിൽനിന്ന് പിടിച്ചെടുത്ത അഞ്ച് മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയുടെ ശാസ്‌ത്രീയ പരിശോധന പുരോഗമിക്കുകയാണ്‌. കശുവണ്ടിവ്യവസായിക്കെതിരെ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസ്‌ ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. ശേഖർകുമാറാണ് ഒന്നാംപ്രതി.


കൈക്കൂലിയുടെ ആദ്യഗഡു രണ്ടുലക്ഷം രൂപ കൈമാറുന്നതിനിടെ ഇഡി ഏജന്റുമാരായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളികുമാർ എന്നിവരെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യംചെയ്‌തതിൽനിന്ന്‌ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്‌ വാര്യരും പിടിയിലായി.



deshabhimani section

Related News

View More
0 comments
Sort by

Home