ഇഡി കൈക്കൂലി കേസ് ; അക്കൗണ്ട് ‘കടലാസ്’കമ്പനിയുടേത് , വ്യാജ മേൽവിലാസവും

കൊച്ചി
കേസ് ഒതുക്കാൻ ഇഡി ഉദ്യോഗസ്ഥർ വാങ്ങിയ കൈക്കൂലിപ്പണം നിക്ഷേപിച്ച അക്കൗണ്ടുള്ള താനെയിലെ ‘കടലാസ്’ കമ്പനി പൂട്ടിയനിലയിൽ. വിജിലൻസ് സംഘം താനെയിലെത്തി നടത്തിയ പരിശോധനയിലാണ് ‘ബോറാ കമോഡിറ്റീസ്’എന്ന കമ്പനി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. രണ്ടാമത്തെ മേൽവിലാസം വ്യാജമാണെന്നും വ്യക്തമായി.
ഇടനിലക്കാർ വാങ്ങിയ കൈക്കൂലിപ്പണം ഈ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയത്. രണ്ടു മുംബൈ സ്വദേശികളെയാണ് കമ്പനി ഉടമസ്ഥരായി കാണിച്ചിരിക്കുന്നത്. ഒരാൾ ഡ്രൈവറാണ്. അയാൾക്ക് കമ്പനിയെക്കുറിച്ച് ഒന്നുമറിയില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് വിജിലൻസ് എസ്‌പി എസ് ശശിധരൻ പറഞ്ഞു.
ഇടനിലക്കാരും കമ്പനിയും തമ്മിലുള്ള ബന്ധവും പരിശോധിക്കുന്നു. 2.50 കോടി രൂപവീതം നാലുഗഡുവായി താനെയിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ഇടനിലക്കാരായ വിൽസണും മുരളിയും കശുവണ്ടി വ്യവസായി അനീഷ് ബാബുവിനോട് ആവശ്യപ്പെട്ടത്. മുരളിക്ക് ഹവാല ഇടപാടുള്ളതായും സംശയിക്കുന്നു. ഇയാളാണ് ബാങ്ക് അക്കൗണ്ടിനുപിന്നിലെന്നാണ് വിവരം.
കൈക്കൂലിക്കേസിലെ മൂന്നാംപ്രതി ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരുടെ ഐഫോണിൽനിന്ന് ഒന്നാംപ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെതിരെ നിർണായകവിവരങ്ങൾ ലഭിച്ചു.
കേസ് ഒതുക്കാൻ ഇഡി വൻതുക കൈക്കൂലി ആവശ്യപ്പെട്ട മറ്റ് അഞ്ച് സംഭവങ്ങളുംവിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥൻ 25 ലക്ഷം രൂപ വാങ്ങിയെന്ന് വിവരം നൽകിയ എറണാകുളം സ്വദേശിയായ വ്യാപാരിയുടെ മൊഴിയെടുത്തു. മറ്റു നാലുപേരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.









0 comments