ഇഡി കൈക്കൂലി കേസ് ; ശേഖർകുമാറിന് വിജിലൻസ് നോട്ടീസ് അയക്കുമെന്ന് സൂചന

കൊച്ചി
കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടിവ്യവസായിയിൽനിന്ന് ഇഡി ഏജന്റുമാർ കൈക്കൂലി വാങ്ങിയ കേസിലെ ഒന്നാംപ്രതി ഇഡി അസി. ഡയറക്ടർ ശേഖർകുമാറിന് വിജിലൻസ് നോട്ടീസ് അയക്കുമെന്ന് സൂചന. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാക്കി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കാനാണ് നീക്കം. മൂന്നുലക്ഷത്തോളം ഫയലുകളുടെ ശാസ്ത്രീയ പരിശോധനയാണ് പൂർത്തിയാക്കേണ്ടത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത അഞ്ച് മൊബൈൽ ഫോണുകൾ, ലാപ് ടോപ് എന്നിവയുടെ ശാസ്ത്രീയ പരിശോധന തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിൽ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായശേഷമാകും ചോദ്യംചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുക. കേസിൽ ഹൈക്കോടതി രണ്ടാഴ്ചകൂടി സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളിൽ ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
കൊല്ലത്തെ കശുവണ്ടിവ്യവസായിക്കെതിരെ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരമുള്ള കേസ് ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. ശേഖർകുമാറാണ് ഒന്നാംപ്രതി. കൈക്കൂലിയുടെ ആദ്യഗഡു രണ്ടുലക്ഷം രൂപ കൈമാറുന്നതിനിടെ ഇഡി ഏജന്റുമാരായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളികുമാർ എന്നിവരെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ പിടിയിലായത്.
കൈക്കൂലി വിവാദം ഉയർന്നതിനെത്തുടർന്ന് ശേഖർകുമാറിനെ കഴിഞ്ഞദിവസം ഷില്ലോങ്ങിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ, അന്വേഷണവുമായി സഹകരിക്കണമെന്ന് ഇഡി ഉദ്യോഗസ്ഥന് ഹൈക്കോടതി നിർദേശമുണ്ടെന്നും സ്ഥലംമാറ്റം കേസന്വേഷണത്തെ ബാധിക്കില്ലെന്നും വിജിലൻസ് എസ്‌പി എസ് ശശിധരൻ വ്യക്തമാക്കി.









0 comments